നടൻ മമ്മുട്ടിയുടെ നേതൃത്വത്തിൽ ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ഇന്നെത്തും

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് നടന്‍ മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ഇന്ന് എത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്‌മപുരത്തിനു ആശ്വാസവുമായി എത്തുന്നത്. വിഷപ്പുക പടര്‍ന്നതിനു ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകളില്‍ ചൊറിച്ചിലും, മറ്റു അസ്വസ്ഥതയും ഉണ്ടായതായ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍, വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ വീട്ടില്‍ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കുകയാണ് മെഡിക്കല്‍ സംഘത്തിന്റെ ലക്ഷ്യം. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി വൈദ്യസംഘം എത്തുന്നത്. സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റിന്റെ യാത്രയെകുറിച്ചും സമയത്തെക്കുറിച്ചും അറിയുന്നതിനായി 9207131117 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.