കൊച്ചി: എറണാകുളത്തെ ബ്രഹ്മപുരം തീപിടുത്തം പശ്ചാത്തലത്തിൽ വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു. സർവേ നടത്തുന്ന ആശ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി പൂർത്തിയായി. ചൊവ്വാഴ്ച വൈകുന്നേരം വരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 13 ഗർഭിണികൾ, 10 കിടപ്പ് രോഗികൾ, 501 മറ്റ് അസുഖങ്ങൾ ഉളളവർ എന്നിവർ ഉൾപ്പെടുന്നു. നിലവിൽ സഹായം, കൂടുതൽ ശ്രദ്ധ എന്നിവ ആവശ്യമായ ആളുകളെ കണ്ടെത്തി തുടർ നിരീക്ഷണങ്ങളും സേവനങ്ങളും നൽകുന്നതിനാണ് വിവരശേഖരണം നടത്തുന്നത്. എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ പ്രവർത്തനമാരംഭിച്ചു. വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി വരുന്നു. എക്സ്റേ, അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങൾ ലഭ്യമാണ്. ഇതിനു പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കു കൾ പ്രവർത്തനമാരംഭിച്ചു. ബ്രഹ്മപുരത്തെ സംബന്ധിച്ചുള്ള ഹൃസ്വവും ദീർഘവുമായ ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ സമിതി പഠനം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.