കുവൈറ്റ് സിറ്റി : കുവൈത്തില്‍ പൊലീസ് വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞ പ്രവാസിക്കെതിരെ നടപടിയുമായി അധികൃതര്‍. ഇയാളെ അറസ്റ്റുചെയ്തു നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു യുവാവ് പോലീസ് വാഹനത്തിനു നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞത്. വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ ഏത് രാജ്യക്കാരനാണ് എന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നാടുകടത്തലിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.