പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: നിരാഹാര സമരവുമായി പരാതിക്കാരി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നിരാഹാര സമരവുമായി പരാതിക്കാരി. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് പരാതിക്കാരിയായ ഹർഷിന പറഞ്ഞു. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. 5 വര്‍ഷത്തിനു ശേഷം കഴി‍ഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മറന്നുവെച്ച കത്രിക പുറത്തെടുത്തത്. തുടർന്ന് ജനുവരി 21 ന് കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‍ക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിചു. ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആരോഗ്യവകുപ്പില്‍നിന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. വിഷയത്തിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും വരെ നിരാഹാര സമരമിരിക്കാന്‍ യുവതി തീരുമാനിച്ചത്.