തിരുവനന്തപുരം :ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു ഫെബ്രുവരി ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീര്‍ഘിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കുന്നത്. അതേസമയം ഫെബ്രുവരി മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരും.അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തും. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നതാണ്.