ഒമാനിൽ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു പ്രവാസികൾ

മസ്കറ്റ്: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനം ഒമാനിലെ പ്രവാസി സമൂഹം വർണാഭമായി ആഘോഷിച്ചു. മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ അംബാസിഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഇന്ത്യൻ സ്കൂൾ വാദികബീറിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലും അംബാസിഡർ മുഖ്യാതിഥിയായി. വിവിധ ഇന്ത്യൻ സ്കൂളുകളിലും റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ചു. ഇന്ത്യ-ഒമാൻ ബന്ധം എന്നും ദൃഢമായി നിലനിൽക്കാൻ ശ്രമിക്കുമെന്നും ഇന്ത്യൻ ജനതയ്ക്ക് എല്ലാവിധ ക്ഷേമവും ആശംസിക്കുന്നതായും അദ്ദേഹം ആശംസ സന്ദേശത്തിൽ അറിയിച്ചു.