കാർഷിക മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; മുഖ്യമന്ത്രി

    കണ്ണൂർ: കാർഷിക മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെൻ്ററിൽ കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കാർഷിക മേഖലയിൽ 51 ഇന പരിപാടിയാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെച്ചത്. അവ പ്രാവർത്തികമാക്കി കൊണ്ടാണ് അഞ്ച് ലക്ഷം തൊഴിൽ എന്ന ലക്ഷ്യം നടപ്പിലാക്കുക. കാർഷിക വിളകളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് മുന്നേറ്റം ഉണ്ടാക്കും. കൃഷിക്കാരുടെ വരുമാനത്തിൽ അമ്പത് ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

    ഇതിൻ്റെ ഭാഗമായാണ് 74276 കൃഷി സംഘങ്ങൾ 29246 ഹെക്ടറിൽ കൃഷിയിറക്കിയത്. നാലര ലക്ഷം കുടുംബങ്ങളിൽ കാർഷിക പോഷകോദ്യാനങ്ങൾ തുടങ്ങി. 83333 ഹെക്ടർ പാടശേഖരത്തിൽ നെൽകൃഷിക്കായി 107 കോടി രൂപ ധനസഹായം നൽകി. ഇങ്ങനെ നെല്ലുൽപ്പാദനം അഞ്ചര ലക്ഷം ടണ്ണിൽ നിന്നും എഴര ലക്ഷം ടണ്ണാക്കി വർദ്ധിപ്പിച്ചു. പച്ചക്കറിയുടെ തറവില 16 ഇനങ്ങളിൽ നിന്നും 21 ആക്കി. 16 ലക്ഷം ടണ്ണിലധികം പച്ചക്കറി ഉൽപാദിപ്പിച്ചു. നാളികേര വികസനത്തിനായി 65.35 കോടി രൂപ ചെലവഴിച്ചു. റബ്ബറുൽപ്പന്ന പ്രോത്സാഹനത്തിന്നായി കേരള റബ്ബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് അരി ടെക്നോളജി പാർക്ക്, വയനാട് കോഫി പാർക്ക്, , ഇടുക്കിയിൽ സ്പൈസ് പാർക്ക് എന്നിവ സ്ഥാപിക്കും. ചേർത്തല ഫുഡ് പാർക്ക് പൂർത്തിയായി.

    കൃഷിക്കൂട്ടങ്ങൾക്കൊപ്പം ഓരോ ബ്ലോക്കിലും കാർഷിക കർമ്മ സേന രൂപീകരിക്കും. തലശ്ശേരി ബ്ലോക്കിൽ വരുന്ന നാല് വർഷത്തിനുള്ളിൽ മൂന്ന് കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തുമെന്നും മുഖ്യ മന്ത്രി പറഞ്ഞു.

    കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. പിണറായി പഞ്ചായത്തിൽ ഈ സാമ്പത്തിക വർഷം ആഴ്ചചന്ത ആരംഭിക്കുമെന്നും ധർമ്മടം കൃഷിഭവൻ സ്മാർട്ടാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി പുഴയുടെ പുനരുജ്ജീവിപ്പിക്കാൻ കൃഷി വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്ന് പ്രവൃത്തിക്കുമെന്നും ഇക്കാര്യത്തിൽ ജലസേചന മന്ത്രിയുമായി സംയുക്ത യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

    മുഖ്യമന്ത്രിയുടെ പ്രതിനിധി പി ബാലനെ ചടങ്ങിൽ മന്ത്രി പി പ്രസാദ് ആദരിച്ചു. റിഫർവാനുകളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവ്വഹിച്ചു.തുടർന്ന് കൃഷിക്കൂട്ട സംഗമവും ഘോഷയാത്രയും നടന്നു. കമ്പൗണ്ടർ ഷോപ്പ് പിണറായി ജംഗഷനിൽ നിന്നാരംഭിച്ച വർണ്ണശബളമായ ഘോഷയാത്രയിൽ മന്ത്രി പി പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കർഷകർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കൃഷി ദർശൻ്റെ ഭാഗമായുള്ള അവാർഡുകളുടെ വിതരണവും കൃഷി മന്ത്രി നിർവ്വഹിച്ചു.