എക്‌സൈസ് വകുപ്പിന് കീഴില്‍ മൂവാറ്റുപുഴ ജനറല്‍ ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി – അഡിക്ഷന്‍ സെന്റര്‍ മൂന്ന് വര്‍ഷത്തിനിടെ ആശ്വാസമേകിയത് 4251 രോഗികള്‍ക്ക്. 2018 നവംബറില്‍ ആരംഭിച്ച കേന്ദ്രമിപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുകയാണ്. ലഹരിയുടെ വിവിധ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 4083 രോഗികളെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും 168 രോഗികളെ ഇന്‍പേഷ്യന്റ് വിഭാഗത്തിലും ചികിത്സിച്ചു.
ഇക്കാലയളവില്‍ 15 വയസില്‍ താഴെയുള്ള 211 ആണ്‍കുട്ടികളും 62 പെണ്‍കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തി. കൂടാതെ 15-18 പ്രായ പരിധിയിലുള്ള 270 ആണ്‍കുട്ടികളും 56 പെണ്‍കുട്ടികളും 18-35 പ്രായ പരിധിയിലുള്ള 1170 യുവാക്കളും 147 യുവതികളും 35 ന് മുകളില്‍ പ്രായമുള്ള 1819 പുരുഷന്മാരും 348 സ്ത്രീകളും ഇക്കാലയളവില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സ തേടി.
15 വയസില്‍ താഴെയുള്ള 2 കുട്ടികളെയും 15-18 പ്രായമുള്ള 6 പേരെയും 18-35 പ്രായമുള്ള 64 പേരേയും 35 ന് മുകളില്‍ പ്രായമുള്ള 96 പേരെയും കിടത്തി ചികിത്സ വഴി ലഹരിയുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞു. ആള്‍ക്കഹോള്‍, പുകയില, കഞ്ചാവ്, പശമണക്കല്‍ തുടങ്ങി വിവിധ ലഹരിയധിഷ്ടിത പ്രശ്‌നങ്ങളുമാമായെത്തിയവരെയാണ് ഡി- അഡിക്ഷന്‍ സെന്റര്‍ വഴി തീര്‍ത്തും സൗജന്യമായി ജീവിതത്തിലേക്ക് മടക്കിയത്.
സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വര്‍ജന മിഷന് എല്ലാ ജില്ലയിലും ഡി- അഡിക്ഷന്‍ സെന്ററുകളുണ്ട്. എ റ ണാകുളം ജില്ലയിലെ ഡി- അഡിക്ഷന്‍ സെന്ററാണ് മൂവാറ്റുപുഴ ജനറലാശുപത്രിയോടനുബന്ധിച്ചുള്ള നഗരസഭാ പേ വാര്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നതിനാല്‍ ആദ്യത്തെ ഒരു വര്‍ഷം മാത്രമാണ് ഇവിടെ കിടത്തിചികിത്സയുണ്ടായിരുന്നത്.
നിലവില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഒരു മെഡിക്കല്‍ ഓഫീസര്‍, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അടക്കം 10 ജീവനക്കാരും ഇപ്പോള്‍ കേന്ദ്രത്തിലുണ്ട്. ചികിത്സയോടൊപ്പം മുന്നൂറോളം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും ഡി- അഡിക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്.