സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി.
വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ ‘വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും. ദമ്പതികളിൽ വിദേശത്തുള്ളയാൾ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. ഇക്കാര്യം സർട്ടിഫിക്കറ്റ് അനുവദിക്കുന്ന സമയത്ത് തദ്ദേശ രജിസ്ട്രാർ കക്ഷികളെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.
ദമ്പതികളിൽ ഒരാൾക്ക് നേരിട്ട് ഹാജരാകാൻ സാധിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ നിർബന്ധമായും തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഹാജരാവുകയും രജിസ്റ്ററിൽ ഒപ്പു വയ്ക്കുകയും വേണം.
വ്യാജ ഹാജരാകലുകളും ആൾമാറാട്ടവും ഒഴിവാക്കാൻ സാക്ഷികളുടെ സാന്നിദ്ധ്യം ഉപയോഗിക്കാം. ദമ്പതികളുടെ സത്യവാങ്മൂലം രജിസ്ട്രാർക്ക് വാങ്ങി സൂക്ഷിക്കുകയും ചെയ്യാം.
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുമ്പോൾ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ കക്ഷികളുടെ ഉത്തരവാദിത്തത്തിൽ ക്രമീകരണം ഏർപ്പെടുത്തണം. ദമ്പതികളിൽ ഒരാൾ മരണപ്പെട്ട സാഹചര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നയാൾക്ക് ഉത്തരവിന്റെ ആനുകൂല്യം ലഭ്യമാകില്ലെന്നും ഇത്തരം സന്ദർഭത്തിൽ നിലവിലുള്ള രീതി തുടരേണ്ടതാണെന്നും മന്ത്രി അറിയിച്ചു.