അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ (ഭേദഗതി) ബില്‍, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടു വെയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
അമ്പത് കോടി രൂപയില്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സൂചന അനുസരിച്ച് ചുകപ്പ് വിഭാഗത്തില്‍ പെടാത്തതുമായ വ്യവസായ സംരംഭങ്ങള്‍ക്കാണ് ഇപ്രകാരം അതിവേഗ അനുമതി നല്‍കുന്നത്. എല്ലാ പ്രധാന വകുപ്പുകളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്‍വെസ്‌റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോക്ക് ആണ് കോമ്പോസിറ്റ് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം.
വ്യവസായ സംരംഭത്തിന് ഏതു വകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും ഒരു പൊതു അപേക്ഷാ ഫോറം വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ക്ക് ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ ചെക്ക് ലിസ്റ്റും ബ്യൂറോ പ്രസിദ്ധീകരിക്കും. അപേക്ഷകളുടെയും രേഖകളുടെയും പരിശോധനകള്‍ക്ക് ശേഷമാണ് ഫെസിലിറ്റേഷന്‍ ബ്യൂറോ അനുമതി നല്‍കുക. അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനകം അതില്‍ തീരുമാനമെടുക്കണമെന്ന് ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ലൈസന്‍സ് നല്‍കുന്നതിനുള്ള രേഖകള്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അത് വീണ്ടും സമര്‍പ്പിക്കാന്‍ അവസരം നൽകിയായിരിക്കും അപേക്ഷ തീർപ്പാക്കുക. ഇപ്രകാരം നല്‍കുന്ന ലൈസന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമായിരിക്കും. ലൈസന്‍സ് ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നിബന്ധനകളെല്ലാം പാലിച്ചതായി വ്യക്തമാക്കി വ്യവസായ സ്ഥാപനം സത്യവാങ്മൂലം സമര്‍പ്പിക്കണം.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കുന്നതിനും ഇതേ പ്രക്രിയയിലൂടെ അപേക്ഷ നല്‍കാം. ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നുമാസം മുന്‍പ് നിശ്ചിത രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്യും. വ്യവസായ അനുമതിക്ക് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതില്‍ നിര്‍ണ്ണായക ചുവട്്വെയ്പ്പാണ് ഭേദഗതി ബില്‍ പാസാക്കിയതിലൂടെ നടത്തിയിരിക്കുന്നതെന്നും പി.രാജീവ് പറഞ്ഞു. വ്യവസായ തര്‍ക്ക പരിഹാരത്തിനുള്ള സംസ്ഥാന ജില്ലാ പരാതി പരിഹാര സമിതികള്‍ ഉടന്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് കോടിരൂപ വരെ മുതല്‍മുടക്കുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല സമിതിയും അതിനു മുകളില്‍ മുതല്‍മുടക്കുള്ള വ്യവസായ സ്ഥാപനങ്ങളിലെ പരാതികള്‍ സംസ്ഥാനതല സമിതിയുമാണ് പരിഗണിക്കുക.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട് ആവശ്യപ്പെടണം. ഇതിനുള്ള നോട്ടീസ് ലഭിച്ച ഏഴ് ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം .എല്ലാ പരാതികളിലും 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. തീരുമാനം നടപ്പിലാക്കാന്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കു പതിനായിരം രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചുവപ്പ് നാടകള്‍ ഒഴിവാക്കുന്നതിന് സുപ്രധാനമായ നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം സ്വീകരിച്ചിട്ടുള്ളതെന്നും വ്യവസായ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.