കൊവിഡിനൊപ്പം ജീവിക്കണം, ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും അവ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.
അതിനാൽ, ക്വാറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, അവരുടെ സ്വന്തം ചെലവിൽ പ്രത്യേക ക്വാറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടപ്പോൾ വാക്‌സിൻ ക്ഷാമം വീണ്ടുമെത്തി. 1.4 ലക്ഷത്തോളം കോവാക്സിൻ ഉണ്ടെങ്കിലും കോവാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് വാസിനുകൾ തീർന്നു.