അറുപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കണം

    തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരില്‍ ധാരാളം പേര്‍ ഇനിയും വാക്സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉടനെ  വാക്സിനെടുക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്സിനെടുക്കുന്നതില്‍  വിമുഖത  പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. വയോജനങ്ങളിലും  അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവര്‍ ആശുപത്രിയില്‍ തക്ക സമയെത്തുന്നതില്‍ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേര്‍ക്കാണ് തക്ക സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാതെ ജീവന്‍ നഷ്ടപ്പെട്ടത്. 65 വയസിന് മുകളിലുള്ളവര്‍ എല്ലാം വാക്സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാല്‍ കൃത്യ  സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താല്‍  മരണ നിരക്ക് ഗണ്യമായി  കുറയ്ക്കാന്‍ സാധിക്കും. അക്കാര്യത്തില്‍  പൊതുസമൂഹത്തിന്റെയും വീട്ടുകാരുടെയും ഭാഗത്തു നിന്ന് ശ്രദ്ധ ഉണ്ടാകണം.

    സംസ്ഥാനത്ത്  സെറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായി വരികയാണ്.   രോഗം വന്നും വാക്സിനേഷന്‍ സ്വീകരിച്ചും എത്ര ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലന്‍സ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണ് കോളേജുകള്‍ അടുത്തമാസവും സ്‌കൂളുകള്‍ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.