എറണാകുളം: ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികൾക്കും വേര്‍തിരിവില്ലാതെ ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പദ്ധതി നടപ്പാക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. 22600 വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ അത്യാവശ്യമായി എത്തിക്കേണ്ടതായി പ്രാഥമികമായി കണക്കാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പട്ടികയില്‍ നിന്നുള്ള അത്യാവശ്യക്കാരെ കണ്ടെത്തി അവര്‍ക്കായി ടാബ് ലെറ്റ്, ലാപ് ടോപ് എന്നിവ സമാഹരിച്ച് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌പോണ്‍സര്‍മാര്‍ വഴിയും പൊതുജനങ്ങളില്‍ നിന്നും ആവശ്യമായ ഉപകരണങ്ങള്‍ സമാഹരിക്കാനുള്ള പദ്ധതിയുടെ രൂപരേഖ കര്‍മസമിതി തയ്യാറാക്കി. ഏറ്റവും അത്യാവശ്യക്കാരില്‍ ഇത് എത്തിക്കാനുള്ള വിതരണ സംവിധാനം, നല്‍കിക്കഴിഞ്ഞാല്‍ ഉപകരണങ്ങളുടെ തുടര്‍ന്നുള്ള തടസമില്ലാത്ത ഉപയോഗം ഉറപ്പാക്കല്‍ തുടങ്ങിയയ്ക്ക് അന്തിമ രൂപം നല്‍കി പദ്ധതി ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.