ഇന്ന് ലോക പുകയില വിരുദ്ധദിനം

ഇന്ന് (മെയ് 31) ലോക പുകയില വിരുദ്ധദിനമായി ആചരിക്കും. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ് എല്ലാ വര്‍ഷവും മെയ് 31 ലോകത്താകമാനം പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്. ”പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പുകയിലയുടെ ഉപയോഗം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും സംഭവിക്കുന്നത് ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നല്‍കിയിരിക്കുന്നത്.പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്നതിനാല്‍ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

ലോകമെമ്പാടും എട്ട് ദശലക്ഷം ആള്‍ക്കാര്‍ പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ നിഷ്‌ക്രിയ പുകവലി ( Passive smoking) മൂലമാണ് മരണപ്പെടുന്നത്. പുകയില അത് ഉപയോഗിക്കുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കൊപ്പമുളള സാധാരണ ജനങ്ങളെയും മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും തളളിവിടുന്നു.ഇതോടൊപ്പം ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം ജീവിതശൈലീ രോഗങ്ങളുള്ള കൊവിഡ് ബാധിതരില്‍ മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ട്.