മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15 നായിരുന്നു അന്ത്യം. കബറടക്കം നാളെ. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടർ മാർത്തോമാ സ്മാരക ഹാളിലേക്ക് മറ്റും.
ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പ് ആയിരുന്ന ആത്മീയ ആചാര്യനും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ആയിരുന്നു അദ്ദേഹം. 2018 ഇൽ രാജ്യം ഇദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവ സഭാചാര്യന്മാരിൽ പത്മഭൂഷൺ ലഭിക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കാളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27 ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. 1999 ഒക്ടോബർ 23 ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രോപ്പോലീത്തയായി സ്ഥാനമേറ്റ ഇദ്ദേഹം 8 വർഷത്തിന് ശേഷം 2007 ഒക്ടോബർ 1 ന് സ്ഥാനമൊഴിഞ്ഞു. ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും സഭയ്ക്കുള്ളിലും പുറത്തും വലിയ മെത്രാപ്പോലീത്ത എന്ന സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു.