അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. രക്തം ദാനം ചെയ്യാന്‍ താല്പര്യമുളളവര്ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ വഴി ആവശ്യമായ വിവരങ്ങള്‍ നല്കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പോലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും. രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പോല്‍-ആപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പോല്‍-ആപ്പ് കണ്ട്രോള് റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്.
സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കാവലിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയാണ് പൊതുജനസേവനാര്‍ത്ഥം പോലീസിന്റെ ഈ പുതിയ സംവിധാനം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് പ്രവര്‍ത്തനം ആരംഭിച്ച പോല്‍-ആപ്പ് രാജ്യത്തെ ഏറ്റവും പ്രചാരമുളള പോലീസ് ആപ്പാണ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പോലീസിന്റെ മുപ്പതോളം സേവനങ്ങള്‍ ഈ ആപ്പ് മുഖേന ലഭിക്കും. നിലവില്‍ പോല്‍-ആപ്പിന് മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളുണ്ട്.