ചലന വൈകല്യങ്ങളുള്ള രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ്

കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെ ചലന വൈകല്യമുള്ള രോഗികള്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷനെക്കുറിച്ച് രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിച്ചു. അഞ്ച് വര്‍ഷം മുമ്പ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് തെറാപ്പിക്ക് വിധേയമായ ആദ്യ രോഗിയായിരുന്ന നന്ദകുമാര്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡിബിഎസ് തെറാപ്പിയെക്കുറിച്ച് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുകയും ചികിത്സയുടെ ഗുണങ്ങളെക്കുറിച്ച് അവരില്‍ അവബോധം സൃഷ്ടിക്കുകയുമാണ് ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ചെയ്യുക. തെറാപ്പി നല്‍കുന്ന ടെക്നിക്കല്‍ ടീമും രോഗികള്‍ക്കുമിടയില്‍ ആശയവിനിമയ ശൃംഖലയായാണ് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രവര്‍ത്തിക്കുക.

വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്ന ഹൈബി ഈഡന്‍ എംപി, വി.ഡി. സതീശന്‍ എംഎല്‍എ, സിനിമാതാരം വിനയ് ഫോര്‍ട്ട് എന്നിവര്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ ഉദ്യമത്തെ പ്രശംസിച്ചു. ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജറി ഡോ. ദിലിപ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഡിബിഎസ് തെറാപ്പിക്ക് വിധേയമായ രോഗികളും അവരുടെ കുടുംബങ്ങളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.