Sukesh Das, sukesh@janapriyam.com, linkedin.com/in/sukeshdas
സർക്കാർ ജോലി നേടാനുള്ള പരീക്ഷയ്ക്ക് തയാറെടുക്കുന്ന മലയാളികളിൽ രണ്ടിൽ ഒരാൾ എൻട്രി ആപ്പ് ഉപയോഗിക്കുന്നു. ദിവസേന പതിനായിരക്കണക്കിന് പുതിയ ഉപഭോക്താക്കളാണ് എൻട്രി ഉപയോഗിച്ച് തുടങ്ങുന്നത് എന്ന് എൻട്രിയുടെ സ്ഥാപകനും സി.ഇ .ഓ യുമായ മുഹമ്മദ് ഹിസാമുദീൻ പറയുന്നു. എൻട്രി ആപ്പിനെ കുറിച്ചും, ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന്റെ വെല്ലുവിളികളെ കുറിച്ചും അദ്ദേഹം ജനപ്രിയം ന്യൂസുമായി പങ്കുവയ്ക്കുന്നു. എൻട്രി ആപ്പ് ഡൗൺലോഡ് ചെയ്യാൻ: https://play.google.com/store/apps/details?id=me.entri.entrime
എൻട്രി ആപ്പ് ലോഞ്ച് ചെയ്യാൻ കാരണമെന്താണ്?
എൻട്രി എന്റെ രണ്ടാമത്തെ സ്റ്റാർട്ടപ്പ് ആണ്. എസ് എം എസ് ഗ്യാൻ ആയിരുന്നു ആദ്യത്തെ സ്റ്റാർട്ടപ്പ്. ആ അനുഭവത്തിൽ നിന്ന് ഒരു കാര്യം പഠിച്ചു. 130 കോടി ആളുകളുള്ള ഇന്ത്യയിൽ ഒരു വലിയ വിഭാഗം ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പ്രശ്നം ഏറ്റവും നല്ല രീതിയിൽ പരിഹരിച്ചാൽ ധാരാളം കസ്‌റ്റമേഴ്സിനെ കിട്ടും. വിദ്യാഭ്യാസ മേഖലയിൽ പരിഹരിക്കപ്പെടേണ്ട ധാരാളം പ്രശ്നങ്ങളുണ്ട്. പക്ഷെ എന്ത് പ്രശ്‌നം പരിഹരിക്കണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും വിദ്യാഭ്യാസ മേഖലയിൽ തന്നെ പ്രവർത്തിക്കണം എന്ന് ഞാനും സഹസ്ഥാപകനായ രാഹുലും തീരുമാനിച്ചു.
തുടക്കത്തിൽ കോച്ചിങ് ഇൻസ്റിറ്റ്യൂട്ടുകൾക്ക് വേണ്ടിയുള്ള ഒരു പ്രൊഡക്ട് ആണ് വികസിപ്പിച്ചത്. പക്ഷെ ആ പ്രൊഡക്ട് വിജയിച്ചില്ല. അങ്ങനെ 2017- ൽ ആണ് ലോക്കൽ ലാംഗ്വേജ് ലേർണിംഗ് ആപ്പായി മാറ്റിയത്. എന്നാൽ ഇപ്പോൾ ഉള്ള എൻട്രി ആപ്പ് അല്ലായിരുന്നു തുടക്കത്തിൽ. ആദ്യത്തെ പതിനെട്ട് മാസം മലയാളത്തിലുള്ള എൻട്രി ആപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോൾ തമിഴിലും, കന്നടയിലും, തെലുങ്കിലും, ഹിന്ദിയിലുമുള്ള ക്ലാസുകൾ എൻട്രിയിൽ ലഭ്യമാണ്. 25 ലക്ഷം ഉപഭോക്താക്കൾ നിലവിൽ എൻട്രി ഉപയോഗിക്കുന്നുണ്ട് . ദിവസേന പതിനായിരം പുതിയ ഉപഭോക്താക്കൾ എൻട്രി ഉപയോഗിച്ച് തുടങ്ങുന്നു. 50 ലക്ഷത്തോളം ഉപഭോകതാക്കളാണ് ഈ വർഷത്തെ ലക്ഷ്യം.
എന്തുകൊണ്ടാണ് ഗവൺമെന്റ് ജോലി നേടാനുള്ള കോഴ്‌സുകൾ നൽകുന്നതിൽ എൻട്രി ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം?
കേരള PSC, LDC കോഴ്‌സുകൾ നൽകിക്കൊണ്ടാണ് എൻട്രി പ്രവർത്തനം ആരംഭിച്ചത്. ഒരുപാട് ഗവേഷണം നടത്തിയിട്ടോ, സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയിട്ടോ അല്ല ഈ കോഴ്‌സുകൾ നൽകാൻ തീരുമാനിച്ചത്. B2B പ്രൊഡക്ട് വികസിപ്പിക്കുന്ന സമയത്തു കേരളത്തിലുടനീളമുള്ള കോച്ചിങ് ഇൻസ്റിറ്റ്യൂട്ടുകളിൽ പോകുമായിരുന്നു. അപ്പോഴാണ് മറ്റ് കോച്ചിങ് ഇൻസ്റിറ്റ്യൂട്ടുകളെക്കാളും കൂടുതൽ PSC കോച്ചിങ് ഇൻസ്റിറ്റ്യൂട്ടുകൾ വളരെയധികം കേരളത്തിൽ ഉണ്ടെന്ന് മനസിലായത്. ആ അനുഭവത്തിൽ നിന്നാണ് ഗവൺമെന്റ് ജോലി നേടാനുള്ള കോഴ്‌സുകൾ നൽകിക്കൊണ്ട് എൻട്രി ആരംഭിക്കാൻ തീരുമാനിച്ചത്.
നിങ്ങൾ സ്വപ്‌നം കാണുന്ന ജോലി കിട്ടാൻ എൻട്രി സഹായിക്കും എന്നാണ് എൻട്രിയുടെ വെബ്‌സൈറ്റിൽ പറയുന്നത്? എങ്ങനെയാണു ഇത് സാധ്യമാകുന്നത്?
ക്രാഷ് കോഴ്സുകളാണ് എൻട്രിയിൽ ഉള്ളത്. ഉന്നത നിലവാരമുള്ള ഒരു കോച്ചിങ് ഇൻസ്ടിട്യൂട്ടിൽ എങ്ങനെ ക്ലാസുകൾ നടക്കുന്നുവോ അതാണ് എൻട്രി ആപ്പിലൂടെ ലഭ്യമാകുന്നത്. മുപ്പത് മുതൽ അറുപത് ദിവസം വരെയുള്ള കോഴ്‌സുകൾ എൻട്രിയിൽ ലഭ്യമാണ്. കോഴ്‌സ് പഠിപ്പിക്കുന്നവരെ വളരെ വിശദമായ ഒരു പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഇതുമൂലം ഏറ്റവും നല്ല അധ്യാപകരുടെ ക്ലാസ്സുകളാണ് എൻട്രിയിലൂടെ ലഭിക്കുന്നത്. ആദ്യത്തെ ഒരാഴ്ച്ച സൗജന്യമായി ആപ്പ് ഉപയോഗിക്കാം. അതിനു ശേഷം കോഴ്‌സുകൾ ചെയ്യാൻ സബ്സ്ക്രിപ്ഷൻ തുക അടയ്ക്കണം. ഒരു കോഴ്‌സ് ചെയ്യാൻ മാത്രമായോ അല്ലെങ്കിൽ എൻട്രിയിൽ ഉള്ള എല്ലാ കോഴ്‌സുകളും ചെയ്യാനുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ലഭ്യമാണ്. ഒരു കോച്ചിങ് ഇൻസ്ടിട്യൂട്ടിൽ പോയി പഠിക്കാനുള്ള ചിലവിന്റെ അഞ്ചിൽ ഒരു ശതമാനമേ എൻട്രിയിലൂടെ കോഴ്‌സ് ചെയ്യുവാൻ ആകുന്നുള്ളു.
ഓൺലൈൻ വിദ്യാഭ്യാസ മേഖലയെ കോവിഡ് 19 ഏത് തരത്തിൽ ബാധിക്കും എന്നതിനെ കുറിച്ച് നിരവധി ചർച്ചകൾ കാണുന്നുണ്ട്? ആ മേഖലയിൽ നിന്നുള്ള സംരംഭകൻ എന്ന നിലയ്ക്ക് എന്താണ് പറയാനുള്ളത്?
കോവിഡ് 19 പോസിറ്റീവായി മാറ്റങ്ങൾ സൃഷ്‌ടിച്ച മേഖലയാണിത്. കോച്ചിങ് ഇൻസ്റിറ്റ്യൂട്ടുകളിൽ പോയി മാത്രമേ പഠിക്കുകയുള്ളൂ എന്ന് വിചാരിച്ചിരുന്ന ആളുകൾ ഇപ്പോൾ ഓൺലൈൻ ആയി പഠിക്കാനും ഇഷ്ടപ്പെട്ടു തുടങ്ങി. ഓരോ ദിവസവും പതിനായിരം പുതിയ ഉപഭോക്താക്കളെ എൻട്രിക്ക് ലഭിക്കുന്നതിലൂടെ നമുക്ക് മനസിലാകുന്നത് ഇതാണ്. ഇപ്പോഴത്തേക്കാളും അധികമായി ഓൺലൈൻ ആയി പഠിക്കുന്നതിനുള്ള സേവനങ്ങൾ വരുന്ന വർഷങ്ങളിൽ ആളുകൾ ഉപയോഗിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഗൾഫിൽ നിന്നുമുള്ള നിരവധി മലയാളികൾ എൻട്രി ഉപയോഗിച്ച് തുടങ്ങുന്നു എന്ന ഒരു പുതിയ പ്രവണതയും കാണാനുണ്ട്. ആളുകൾ ആപ്പ് ഉപയാഗിക്കുന്ന സമയവും ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഒരു ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലെ സ്റ്റാർട്ടപ്പ് അഭിമുഖീകരിക്കേണ്ട ഒഴിച്ചുകൂടാനാവാത്ത വെല്ലുവിളികൾ എന്തൊക്കെയാണ്?
മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാണ് ഓൺലൈൻ വിദ്യാഭ്യാസ മേഖല. വിദ്യാഭ്യാസം എന്നാൽ സൗജന്യമായി ലഭിക്കണം എന്ന കാഴ്ചപ്പാടാണ് പൊതുവെ ഉള്ളത്. നിരവധി കാര്യങ്ങൾ സൗജന്യമായി ലഭ്യവുമാണ്. സൗജന്യമായി ലഭിക്കുന്ന പ്രൊഡക്ടുകളിൽ നിന്ന് കൃത്യമായ വേർതിരിവുകളുള്ളതും, പണം അടച്ചു ഉപയോഗിക്കാൻ തക്ക മൂല്യമുള്ളതും ആയ പ്രൊഡക്ട് ആയാൽ മാത്രമേ വരുമാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളു. മൂന്ന് വർഷമെങ്കിലും സ്റ്റാർട്ടപ്പ് നടത്തി കൊണ്ടുപോകാനുള്ള മൂലധനമെങ്കിലും വേണം എന്നാണ് എൻട്രിയുടെ അനുഭവത്തിൽ നിന്ന് ഞങ്ങൾ പഠിച്ചത്.
എൻട്രിയുടെ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ എന്തൊക്കെയാണ്?
അടുത്ത ആറ് മാസത്തേക്ക് നിലവിലുള്ള ഭാഷകളിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021 – ൽ ചിലപ്പോൾ മറാത്തിയിലും ബംഗാളിയിലും ലോഞ്ച് ചെയ്‌തേക്കാം. അന്താരാഷ്‌ട്ര വിപണിയിലേക്ക് കടക്കുക എന്നത് തന്നെയാണ് അടുത്ത പ്രധാന ലക്ഷ്യം. അറബിക് ഭാഷയിലായിരിക്കും ആദ്യമായി അന്താരാഷ്ട്ര വിപണിയിൽ ലോഞ്ച് ചെയ്യുക.