പ്രവാസികൾക്ക് അവശ്യമരുന്നുകൾ എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.എച്ച്.എൽ കൊറിയർ സർവീസ് കമ്പനി പ്രവാസികൾക്ക് മരുന്ന് എത്തിക്കാൻ തയ്യാറാണെന്ന് നോർക്ക റൂട്ട്സിനെ അറിയിച്ചതായും ഇവർ ഡോർ ഡെലിവറിയായി മരുന്നുകൾ എത്തിച്ചുനൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റെഡ് സോൺ അല്ലാത്ത ജില്ലകളിൽ രണ്ട് ദിവസത്തിനകം ഓഫീസുകൾ തുറക്കാമെന്നും ഡി.എച്ച്.എൽ. അറിയിച്ചു.
മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസിൽ എത്തിച്ചാൽ പാക്കിങ് ഉൾപ്പെടെ കമ്പനി നിർവഹിച്ച് ഡോർ ഡെലിവറിയായി എത്തിച്ചുനൽകും.
ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഡെലിവറി ബോയ്സ്, സന്നദ്ധ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവർക്ക് റാൻഡം ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ സമൂഹവ്യാപനം ഇല്ല എന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ്-19 ന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാൽ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ:
👉 റംസാൻ നോമ്പുകാലത്ത് റസ്റ്റോറന്റുകളിൽ നിന്ന് പാഴ്സൽ നൽകാനുള്ള സമയം നീട്ടി. രാത്രി 10 മണിവരെയാണ് സമയം നീട്ടിയിരിക്കുന്നത്. നോമ്പുകാലത്ത് പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
👉ക്രിസ്ത്യൻ പള്ളികളികളിൽ പരമാവധി 20 പേരെ ഉൾക്കൊള്ളിച്ച് വിവാഹചടങ്ങുകൾ നടത്താൻ അനുമതി നൽകും. പള്ളികളിൽ അഞ്ച് പേരിൽ കൂടുതൽ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
👉 സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് 23 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചു. സ്കൂളുകളെ എ മുതൽ ഡി വരെയുള്ള ഗ്രേഡുകളാക്കി തിരിച്ചാണ് സഹായം നൽകുക.
👉 12500 ഖാദി തൊഴിലാളികൾക്ക് 14 കോടി രൂപ അനുവദിച്ചു. നൂൽപ്പ്, നെയ്ത്ത് തൊഴിലാളികൾക്കാണ് പ്രയോജനം ലഭിക്കുക.
👉 വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയും കരുതലും ഉണ്ടാകണം
👉 അഞ്ചുപേരടങ്ങുന്ന ടീമായി തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കാം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ പണിക്ക് ഇറങ്ങുന്നതിൽ നിന്നും മാറി നിൽക്കണം. തൊഴിലിന് ഇറങ്ങുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം.
👉 പരിമിതമായ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി. നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ മണൽ, സിമന്റ്, കല്ല് തുടങ്ങിയവ കിട്ടാൻ പ്രയാസം നേരിടുന്നുണ്ടെന്നും ഇത് കണക്കിലെടുത്ത് ക്വാറികൾ, നിയന്ത്രണ വിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകും.