മുംബൈ: വ്യാജ വാർത്ത പ്രചരിപ്പിച്ച് അഥിതി തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ കൂട്ടം കൂടാൻ ഇടയാക്കിയ വിനയ് ഡ്യുബ് എന്ന വ്യക്തിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക്ക്. റെയിൽവേ സേവനങ്ങളെ കുറിച്ച് ടിവി ചാനൽ വ്യാജവാർത്ത പ്രചരിപ്പിച്ചതാണ് അതിഥി തൊഴിലാളികൾ ബാന്ദ്ര സ്റ്റേഷനിൽ ഒത്തുചേരാൻ ഇടയാക്കിയതെന്ന ചാനൽ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വളരെ പെട്ടന്ന് പ്രചരിച്ച ഈ വ്യാജ വാർത്ത വാർത്ത കണ്ടാണ് പലരും തീവണ്ടി കയറാൻ സ്റ്റേഷനിലെത്തിയെന്നതിന് സാധ്യത വളരെ കൂടുതലാണെന്നും മഹാരാഷ്ട്ര സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ താമസവും ഭക്ഷണവും എല്ലാം ശ്രദ്ധിക്കുന്നുണ്ട്, എന്നാൽ മോദി സർക്കാരാണ് ഇത്തരക്കാരായ ആളുകളുടെ പ്രശ്നത്തിന് കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതെന്നും മാലിക് പറഞ്ഞു.
വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെത്തുടർന്ന് അറസ്റ്റിലായ വിനയ് ഡ്യുബ് എന്ന ആൾ എൻസിപിയുടെ മെമ്പർ അല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. പുറത്ത് വിട്ട ചാനൽ വിഡിയോയിൽ വിനയ് എൻസിപി നേതാവാണെന്ന് പറയുന്നത് പാർട്ടിയെ കരിവാരി തേക്കാൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.