പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പളത്തിന്റെ 30 % ഒരു വർഷത്തേക്ക് വെട്ടിക്കുറയ്ക്കാൻ ആണ് തീരുമാനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ എന്നിവർ 30% ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും. എംപിമാരുടെ വേതനവും 30 % കുറച്ചതായും രണ്ട് വർഷത്തേക്ക് എംപിമാരുടെ പ്രാദേശിക വികസന പണ്ട് വിനിയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഒരു വർഷത്തേക്ക് 10 കോടി രൂപയാണ് ഒരു എംപി ഫണ്ടിൽ ഉണ്ടാവുക. എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും. 7900 കോടിരൂപ ഇത്തരത്തിൽ ലഭിക്കും. ശമ്പളം കുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഇങ്ങനെ ശമ്പളത്തിൽനിന്ന് സമാഹരിക്കുന്ന മുഴുവൻ തുകയും പ്രത്യേകം രൂപീകരിച്ച സംയുക്ത ഫണ്ടിലേക്ക് വകയിരുത്തും. ഇത് കോവിഡ് ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. ഇത്തരം മാതൃകാപരമായ തീരുമാനങ്ങൾ സംസ്ഥാന സർക്കാരുകളും കൈക്കൊള്ളണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.