കോവിഡിനെ വകവെക്കാതെ കൊച്ചിയില്‍ കവര് കാണാൻ ജനപ്രവാഹം 

കൊച്ചി: കുമ്പളങ്ങി കണ്ടക്കടവ് റോഡിൽ ആണ് കവര് എന്ന പ്രതിഭാസം കാണാൻ ആളുകൾ തടിച്ചു കൂടിയത്.  കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ കവര് എന്ന അത്ഭുത കാഴ്ച കണ്ടവർ അത് നേരിട്ട് നഗ്ന നേത്രങ്ങളിലൂടെ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ്  കുമ്പളങ്ങിയിൽ വന്നിരിക്കുന്നത്.  കുമ്പളങ്ങിയിൽ കവര്  അടിഞ്ഞു എന്ന വാർത്ത വീഡിയോ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയിരുന്നു.

സംസ്ഥാനം കോവിഡ് ജാഗ്രതയിൽ കഴിയുമ്പോഴും അതൊന്നും വകവെക്കാതെ ഒത്തിരിപ്പേരാണ് കവര് അടിയുന്നത് കാണാൻ ഈ കൊച്ചു ഗ്രാമത്തിൽ എത്തിച്ചേർന്നത്. കണ്ണുകൾക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ അതിശയിപ്പിക്കുന്നതാണ് കവര് എന്ന പ്രതിഭാസം.

കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കുമ്പളങ്ങി പോലിസ് ഔട്ട്പോസ്റ്റിലെ  അധികൃതർ ഇവിടെ എത്തി ജനങ്ങളെ ബോധവൽക്കരിച്ച് തിരിച്ചയക്കാനുള്ള  ശ്രമങ്ങളും നടത്തി.

എന്താണ് കവര്?

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ ‘കവര്’ എന്ന് വിളിക്കുന്നത് . കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ് അഥവാ കവര്. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകാശത്തിനൊപ്പം ചൂട് പുറത്തു വിടാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ചെങ്കടലിന്റെ ചുവപ്പുനിറത്തിനു കാരണവും മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനു പിന്നിലെ കാരണവും ഇതേ പ്രതിഭാസം തന്നെയാണ്.

ശാസ്ത്രീയ പരമായി ഇങ്ങനെയൊക്കെ ആണെങ്കിലും മത്സ്യ ബന്ധനം തൊഴിലാക്കിയവർക്ക് കവര് വലിയൊരു അനുഗ്രഹമാണ്. കടലിലും മറ്റു കായലുകളിലും കവര് അടിയുന്നത് നോക്കി മീനുകളുടെ കൂട്ടത്തെ മനസിലാക്കാനും വല വീശാനും ഇത് സഹായിക്കും.