ഇന്നലെ രാത്രി ഇറ്റലിയിൽ നിന്ന് വിമാനത്താവളത്തിലെത്തിയ 52 പേരിൽ 10 പേർക്ക് കോവിഡ് 19 രോഗലക്ഷണം. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇറ്റലിയിൽനിന്നെത്തിയവരിൽ 2 കുട്ടികളും 2 ഗർഭിണികളും അടക്കമുള്ള 35 പേർ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് ഇനിയും ഇന്ത്യയിലേക്ക് കൂടുതൽ പേർ എത്തിയാൽ കളമശ്ശേരി മെഡിക്കൽ കോളേജിന് പുറമെ ആലുവ, കരുവേലിപ്പടി, മൂവാറ്റുപുഴ തുടങ്ങിയ സർക്കാർ ആശുപത്രികളിലും തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. താത്കാലിക സംവിധാനങ്ങൾ ഇതിനോടകം ആലുവ ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.