കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. കേന്ദ്രആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവകലാശാലയിലാണ് വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. രോഗം കണ്ടെത്തുന്നതിന് മുമ്പ് തന്നെ മുൻ കരുതലുകൾ കേന്ദ്ര സർക്കാർ എടുത്തിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷവർധൻ പറഞ്ഞു.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റിപ്പോർട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വാർത്താസമ്മേളനം നടത്തും.
ഇന്ത്യയുടെ അയൽരാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.