ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപക്കടലിനു നടുവില്‍ ധീരതയുടെ പര്യായമായി മാറിയ ഒരു മുഖമുണ്ടായിരുന്നു, ഷാജില അലി ഫാത്തിമ എന്ന ഒരു ക്യാമറാ പേഴ്സണ്‍ന്റെ മുഖം. യുദ്ധസമാനമായ അന്തരീക്ഷത്തില്‍പ്പോലും ജോലിയില്‍ നിന്ന് പിന്മാറാനോ ഒളിച്ചിരിക്കാനോ കൂട്ടാക്കാതെ സധൈര്യം തന്റെ ജോലി കൃത്യമായി ചെയ്ത ആ പെണ്‍കുട്ടിയുടെ മുഖം സമൂഹ മാധ്യമങ്ങളിലും സകല പത്രത്താളുകളുടെ മുന്‍പേജിലും അച്ചടിച്ചു വന്നിരുന്നു.
അന്ന് കരഞ്ഞുകൊണ്ടുള്ള ദൈന്യത നിറഞ്ഞ മുഖമായിരുന്നുവെങ്കില്‍ ഇന്നത് സാക്ഷാത്കാരത്തിന്റെ നിറവുള്ളതാണ്. അന്നത്തെ അതേ മുഖത്തിനുടമ, ഷാജില അലി ഫാത്തിമയ്ക്കാണ് ഇത്തവണത്തെ ലോക്ബന്ധു രാജ്‌നാരായണ്‍ ജി ഫൗണ്ടേഷന്റെ മികച്ച ക്യാമറ പേഴ്സണുള്ള അവാര്‍ഡ്.
അന്നത്തെ ആ സംഭവം…
യുവതീ പ്രവേശ വിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ കരഞ്ഞുകൊണ്ടു ഷൂട്ടു ചെയ്യുന്ന ഷാജിലയുടെ ചിത്രമാണ് ആദ്യമെത്തിയത്. സഹപ്രവര്‍ത്തകരില്‍ പലരും പ്രതിഷേധക്കാരുടെ അക്രമണത്തിന് ഇരയായപ്പോള്‍ ഓടി രക്ഷപ്പെടുക മാത്രമായിരുന്നു ഷാജിലയ്ക്ക് ചെയ്യാന്‍ കഴിഞ്ഞത്. ആ ഓട്ടത്തിനിടയിലും അക്രമകാരികളുടെ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ഷാജില കാണിച്ച ധൈര്യം ശരിക്കും പ്രശംസനീയമാണ്. മാധ്യമ പ്രവര്‍ത്തനമെന്നത് ഒരു മേശയ്ക്കും കമ്പ്യൂട്ടറിനും മുന്നിലാണന്നെ് ധരിച്ചു വച്ചിരിക്കുന്ന ഇന്നത്തെ കുത്തക മാധ്യമ മേളാന്മാര്‍ കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. പിടിവലിക്കിടയില്‍ കാര്യമായി തന്നെ പരിക്കേറ്റിറ്റും തന്റെ ജോലി ഷാജില കൃത്യമായി തുടര്‍ന്നു. അതിനിടയില്‍ മാതൃഭൂമിയുടെ ക്യാമറമാന്‍ എം.പി ഉണ്ണികൃഷ്ണന്‍ എടുത്ത ചിത്രമായിരുന്നു പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കൈവിടില്ല കര്‍ത്തവ്യം എന്ന അടിക്കുറിപ്പോടെ അത് പത്രത്തിലും അച്ചടിച്ചു വന്നിരുന്നു.
ശേഷം സ്‌ക്രീനില്‍…
സംഭവത്തിനു ശേഷം ഷാജില പറഞ്ഞത് ഇനി ഭയന്ന് പിന്തിരിഞ്ഞോടില്ല, തല്ലിയതുകൊണ്ട് ഒന്നും അവസാനിക്കില്ല എന്നാണ്. ഈ വാക്കുകളില്‍ പോലും തെളിഞ്ഞത് നിശ്ചയദാര്‍ഢ്യത്തിന്റെ തനിരൂപമായിരുന്നു. ഇന്നും ഷാജില തന്റെ ക്യാമറക്കണ്ണുകള്‍ കൊണ്ട് സകലതും ഒപ്പിയെടുക്കുന്നുണ്ട്. അവയ്ക്ക് വെല്ലുവിളിയുടെയോ ഭീഷണിയുടെയോ സ്വരമുണ്ടെങ്കില്‍ പോലും ഷാജില മുന്നോട്ടു തന്നെയാണ്.
ക്യാമറയാണ് കണ്ണ്…
തന്റെ ക്യാമറയില്‍ തെളിയുന്ന വിഷ്വല്‍സിലൊക്കെയും ഒരു കൗതുകം കൂടിച്ചേര്‍ക്കാന്‍ ഷാജില ശ്രമിക്കുന്നുമുണ്ട്. അതിന്റെ മികച്ച ഉദാഹരമായി നിയമസഭയിലെ ജീരക മിഠായിക്കഥ വൈറലായ കാര്യം പറഞ്ഞു നിര്‍ത്തുന്നു…