‘മഹ’യ്ക്കു പിന്നാലെ ‘ബുള്‍ബുള്‍’; സംസ്ഥാനത്ത് ചിലയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്‍ബുള്‍ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്.

വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.