അഭയകേന്ദ്രങ്ങള്‍ക്ക് വാടക കൊടുക്കാനില്ല; ദുരിതത്തില്‍ പുത്തുമല നിവാസികള്‍

താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ക്ക് വാടക കൊടുക്കാനില്ലാതെ ദുരിതത്തിലായിരിക്കുകയാണ് പുത്തുമലയിലെ കുടുംബങ്ങള്‍. പുത്തുമല മണ്ണിടിച്ചിലിന് ശേഷം താമസിക്കാനിടമില്ലാതെ അഭയകേന്ദ്രത്തില്‍ താമസമാക്കിയ കുടുംബങ്ങള്‍ക്കാണ് ഈ ദുരിതം നേരിട്ടത്. പുനരധിവാസം നടക്കുന്നതുവരെ വീട്ടുവാടക മേപ്പാടി പഞ്ചായത്ത് കൊടുക്കുമെന്ന വാഗ്ദാനം പൂര്‍ണമായും നടപ്പിലായില്ല.

പുത്തുമലദുരന്തത്തില്‍ കിടപ്പാടം നഷ്ട്ടപ്പെട്ടവരിലൊരാളാണ് ഷാജഹാന്‍. മേപ്പാടിയിലെ ഒരു വാടകവീട്ടിലാണ് കഴിഞ്ഞ രണ്ട് മാസമായി കുടുംബം താമസിക്കുന്നത്. ആറുമാസത്തേക്ക് വാടക തദ്ദേശസ്ഥാപനം കൊടുക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ രേഖകളെല്ലാം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു. വീട്ടുടമയുടെ അക്കൗണ്ടിലേക്ക് ഒരോ മാസവും കൃത്യമായി തുകയെത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പലര്‍ക്കും ഇതുവരെ തുകയെത്തിയിട്ടില്ല. അതേസമയം സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാടകയ്ക്കുള്ള തുക കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അടുത്തമാസം മാസം നാലാം തിയതിക്കകം മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തെ വാടക കൊടുക്കുമെന്നാണ് പഞ്ചായത്ത് നല്‍കുന്ന മറുപടി.