‘മഹ’ ഭീതിയില്‍ കേരള തീരം; ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക…

ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ മഹയുടെ ഭീതിയില്‍ കേരള തീരം. ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കേ കേരള തീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം മഹ എന്ന ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

2017 നവംബര്‍ അവസാനം കേരളത്തെ തൊട്ടു കടന്നുപോയ ‘ഓഖി’ ചുഴലിക്കാറ്റിന്റെ അതേ ദിശയിലൂടെയാവും മഹയും കടന്നുപോവുക. ഇതോടെ വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഓഖിയില്‍ സംഭവിച്ചതുപോലെ വന്‍ ദുരന്തങ്ങള്‍ക്കു സാധ്യതയില്ലെങ്കിലും എന്നാല്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ മലയോരപ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിയന്ത്രിക്കണമെന്നും ബീച്ചുകളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മരചുവടുകളിലും മറ്റും വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അടച്ചുറപ്പില്ലാത്ത വീടുകളില്‍ നിന്നും സുരക്ഷിത ഇടങ്ങളിലേക്കു മാറുന്നതാണു നല്ലതെന്നും അതോറിറ്റി അറിയിച്ചു. ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനൊപ്പം 1077 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും നിലവില്‍ വന്നിച്ചുണ്ട്.

മഹ ചുഴലിക്കാറ്റ് ഓഖി പോലെ വന്‍ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഹയുടെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ഇത് കടന്നു പോകുന്നതിനാലാണ് കേരള തീരത്ത് മല്‍സ്യബന്ധനത്തിനടക്കം പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും അധികൃതരും കൃത്യമായി ജാഗ്രത പാലിക്കുകയാണ് വേണ്ടത്.