മോദി സ്തുതിയുടെ പേരില്‍ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ഡല്‍ഹിയിൽ അശോക റോഡിലെ ബിജെപി ഓഫീസിൽ വച്ച് പാർട്ടി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്.പ്രസ്തുത ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി മുരളീധരൻ, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു. ബിജെപിയില്‍ ചേരുകവഴി താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇനി മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ്താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പിന്നാലെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ പാർലമെന്റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിൽ ചേരൂ എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു