കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കൊച്ചിയെ ചുട്ടുചാമ്പലാക്കുന്ന മനുഷ്യ ബോംബ് ആകുമായിരുന്നു റിയാസ്, എന്‍ഐഎ നടപടി കൃത്യ സമയത്ത്

പാലക്കാട്: കൊച്ചിയില്‍ ചാവോറാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളി റിയാസ് അബൂബക്കര്‍ വ്യക്തമാക്കി. കടുത്ത മതവിശ്വാസിയായ റിയാസ് നാട്ടില്‍ തികച്ചും സൗമ്യസ്വാഭാവക്കാരനാണ്. നാട്ടില്‍ ചെറിയ മൊബൈല്‍ ഷോപ്പ്, തുണിക്കട, അത്തര്‍ ഷോപ്പ് എന്നിവ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തീവ്ര സലഫി ചിന്താധാരയാണ് ഇയാള്‍ പിന്തുടര്‍ന്നിരുന്നത്. ഇതോടെ ഇയാളുടെ വേഷത്തിലും മനോഭാവത്തിലുമടക്കം മാറ്റം വന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

റിയാസ് നേരത്തെ കോയമ്പത്തൂരില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെനിന്നുമാണ് സലഫി ആശയങ്ങളില്‍ ആകൃഷ്ടനായത്. അതേസമയം നാട്ടില്‍ തീവ്രനിലപാടുള്ള സംഘടനകളുമായൊന്നും ഇയാള്‍ക്ക് ബന്ധമില്ല. സമാന ആശയഗതി വച്ചു പുലര്‍ത്തുന്നവരുമായി ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. കാസര്‍ഗോഡ് നിന്ന് ഐ.എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും കടന്നവരുമായി റിയാസ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.

മലയാളിയായ ഐ.എസ് ഭീകരന്‍ അബു ഈസയുമായി റിയാസ് നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. ഈസയുടെ ഓഡിയോ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതപ്പെടുന്ന വളപട്ടണം ഐ.എസ് കേസിലെ പ്രതിയായ അബ്ദുള്‍ ഖുയൂമുമായും റിയാസ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളുടെ ആരാധകനായിരുന്നു റിയാസ് എന്നും എന്‍.ഐ.എ കണ്ടെത്തി്.