കടല്‍ വറുതിക്കൊപ്പം വിവാഹ സീസണും പൂഴ്ത്തിവയ്പ്പും മീന്‍വില കയറ്റുന്നു; നെയ്മീന്‍ വില 1100 രൂപ വരെ, കരിമീനിനു 550 രൂപ

കോട്ടയം : കടല്‍ വറുതിക്കൊപ്പം വിവാഹ സീസണും ട്രോളിങ് മുന്‍കൂട്ടി കണ്ടുള്ള പൂഴ്ത്തിവയ്പ്പും മത്സ്യ വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത് അസാധാരണ വിലക്കയറ്റം. കേരളത്തിന്റെ സ്വന്തം കരിമീനിനു വില 550 രൂപ. കടല്‍മത്സ്യമായ മോതയ്ക്ക് ഒരാഴ്ചയ്ക്കിടെകൂടിയത് 150 രൂപ. മത്സ്യവിപണിയിലെ സ്റ്റാറായ നെയ്മീന്‍ വില ഒരാഴ്ചകൊണ്ട് 300 രൂപ വര്‍ധിച്ച് 1100 രൂപവരെയായി. ഏതാനും ആഴ്ച മുമ്പ് 350 രൂപമാത്രമുണ്ടായിരുന്ന എ ഗ്രേഡ് കരിമീനിന്റെ ചില്ലറ വില ഇപ്പോള്‍ 550 രൂപയായി.

കടല്‍ മത്സ്യങ്ങള്‍ക്കെല്ലാം ഭീകര വിലയാണ്. ജനപ്രിയ ഇനങ്ങളായ മത്തിയും അയലയും കിട്ടാനേയില്ല. വരവു കുറഞ്ഞതോടെ അയല വില 200 രൂപയ്ക്കും മത്തി വില 150 രൂപയ്ക്കും മുകളിലാണ്. ഇവ കിട്ടുന്നതാകട്ടെ ചുരുക്കം ചില കടകളില്‍മാത്രം. കടല്‍ മത്സ്യത്തിന്റെ ഏറ്റവും കുറഞ്ഞ വില 150 രൂപയാണെന്നു വ്യാപാരികള്‍ പറയുന്നു.

സാധാരണ തണ്ണീര്‍മുക്കം ബണ്ട് തുറക്കുമ്പോള്‍ കുമരകത്തു കരിമീന്‍ ചാകരയായിരുന്നുവെങ്കില്‍ ഇപ്പോള്‍ കരീമീന്‍ കിട്ടാനില്ല. കിട്ടുന്ന മീന്‍ ഹൗസ്‌ബോട്ടുകാരും റിസോര്‍ട്ടുകാരും നിമിഷങ്ങള്‍ക്കുള്ളില്‍ വാങ്ങും. കരിമീന്‍ ക്ഷാമം രൂക്ഷമായതോടെ ആന്ധ്രയില്‍നിന്ന് 260 രൂപയ്ക്കു ലഭിക്കുന്ന വളര്‍ത്തു കരീമീന്‍ 500 രൂപയ്ക്കു കേരളാ കരിമീന്‍ എന്ന പേരില്‍ വില്‍ക്കുകയാണു വ്യാപാരികള്‍. വലിയ ഇനം മീനുകള്‍ക്കും വന്‍ ക്ഷാമമാണ്. ശരാശരി 250 രൂപയുണ്ടായിരുന്ന കേര മീനിന്റെ വില 325-350 രൂപയായി.

തളയുടെ വില 300 ല്‍നിന്ന് 400 രൂപയിലെത്തി. മോതയുടെ വില 400ല്‍നിന്ന് 600 രൂപയിലെത്തി. ചിലയിടങ്ങളില്‍ ചില്ലറ വില 700 മുതല്‍ 800 രൂപ വരെയാണ്. ഫ്രഷ് ആവോലി കിട്ടാനേയില്ല. ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നത് മാസങ്ങള്‍ക്കു മുമ്പേ പിടിച്ചു ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മീനാണ്. ഫോണി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ ഒരാഴ്ചയോളം കടലില്‍ പോകാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.