മിലിട്ടറി പോലീസായി ഇനി വനിതകളും; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി: ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് കരസേന തുടക്കമിട്ടു. ആദ്യമായാണ് കരസേന യുദ്ധമുഖത്തേക്ക് പോകേണ്ട തസ്തികകളിലേക്ക് സ്ത്രീകളെ നിയമിക്കാനൊരുങ്ങുന്നത്.

മിലിട്ടറി പോലീസിന്റെ 20 ശതമാനം സ്ത്രീകളെ നിയമിക്കാനാണ് കരസേനയുടെ തീരുമാനം. 800 വനികളെയാണ് മിലിട്ടറി പോലീസിലേക്ക് റിക്രൂട്ട് ചെയ്യുക. നിലവില്‍ ഇതിലേക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പേഴ്സണല്‍ ബിലോ ഓഫീസര്‍ റാങ്ക് (പി.ബി.ഒ.ആര്‍.) വിഭാഗത്തില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് മൂന്നുമാസത്തിനുശേഷമാണ് പരസ്യം വന്നിരിക്കുന്നത്.

കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ നോക്കുന്നത് മിലിട്ടറി പോലീസാണ്. പി.ബി.ഒ.ആറില്‍പ്പെട്ട ഈ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ ഇതുവരെ നിയമിച്ചിരുന്നുള്ളൂ. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ തലപൊക്കുമ്പോള്‍ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പി.ബി.ഒ.ആര്‍ വിഭാഗങ്ങളുടെ പ്രധാന ചുമതലകള്‍.

നിലവില്‍ ഓഫീസര്‍ റാങ്കുകളില്‍ മാത്രമേ സൈന്യത്തില്‍ വനിതകളെ നിയമിച്ചിട്ടുള്ളു. യുദ്ധക്കപ്പലുകള്‍, സായുദ്ധ വിഭാഗങ്ങള്‍ എന്നിവകളിലേക്ക് വനിതകളെ ഇതുവരെ നിയമിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസര്‍മാരല്ലാത്ത പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.