ലോകപ്രശസ്തമായ വീഡിയോ ആപ്ലിക്കേഷന്‍ ടിക്‌ടോക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ടിക്‌ടോക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് നിരോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടിക്‌ടോക് ആപ്ലിക്കേഷന്‍ പോര്‍ണോഗ്രഫി പ്രോത്സാഹിപ്പിച്ചുവെന്നും കുട്ടികളെ ലൈംഗീക ചൂഷണത്തിലേയ്ക്ക് വഴിനടത്തിയെന്നുമുള്ള ആരോപണമാണ് കോടതി പരിശോധിച്ചത്. ഇതിന്മേല്‍ മദ്രാസ് ഹൈക്കോടതി കമ്പനിയുടെ വിശദീകരണം ആരായുകയും ചെയ്തിരുന്നു.
ടികേ്ടാക് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. കേസില്‍ ഇനിയും തുടര്‍വാദങ്ങള്‍ നടക്കും. ഏപ്രില്‍ 24നാണ് അടുത്ത വാദം കേള്‍ക്കല്‍.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടെങ്കിലും ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പ് നീക്കം ചെയ്യാത്തതു സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെസമയം രാജ്യത്തെ നിയമവ്യവസ്ഥയെ മാനിക്കുമെന്ന് ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ മാത്രം 240 ദശലക്ഷം ഡൗണ്‍ലോഡുള്ള ആപ്ലിക്കേഷനാണ് ടികേ്ടാക്. അപകടകരമായ ചലഞ്ചുകളും മറ്റും നിറഞ്ഞ ഈ ആപ്ലിക്കേഷന്‍ തുടക്കം മുതല്‍ക്കേ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടെക്‌നോളജിയാണ് ഈ ആപ്പിന്റെ ഉടമ.