കടല്‍ പ്രക്ഷുബ്ദമായേക്കും… മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്ന മത്സ്യതൊഴിലാളി ജാഗ്രത മുന്നറിയിപ്പ് ഇന്ന് പുതുക്കി നല്‍കിയിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികള്‍ 26/04/2019 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന് അറിയിച്ചിരിക്കുന്നു.

ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26/04/2019ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു.

മത്സ്യതൊഴിലാളി മേഖലകളിലെ പള്ളികള്‍, ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, മറ്റ് പൊതു സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് വിവരം കൈമാറാനും മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ ഇനി മത്സ്യബന്ധനത്തിന് ആരും പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും മുഴുവന്‍ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.