കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ വച്ച് ദുരുഹസാഹചര്യത്തില്‍ യുവതിയുടെ മരിച്ച സംഭവം സ്ത്രീധനത്തെതുടര്‍ന്നുള്ള കൊടും പീഡനത്തിന് ഒടുവില്‍. സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചുമാണ് മരിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവായ ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
മരിക്കുമ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായിരുന്ന തുഷാരയ്ക്ക് 20 കിലോ മാത്രമായിരുന്നു തൂക്കമുണ്ടായിരുന്നത്. ശരീരം അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. ഭക്ഷണമായി പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നല്‍കിയിരുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് 27കാരിയായ തുഷാര. ഈ മാസം 21നാണ് ഇവര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ത പുറത്തുവരുന്നത്.
ശരീരമാസകലം മുറിവും ചതവും ഉണങ്ങിയ മുറിപ്പാടുകളുമുണ്ടായിരുന്നു. ഗോരം ബാധിച്ച് അവശനിലയിലായെങ്കിലും ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് മരണം.
2013ലായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനമായി 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപ പണമായും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സ്വര്‍ണം നല്‍കിയെങ്കിലും പണം നല്‍കാന്‍ സാധിക്കാതെ വന്നതോടെ തുഷാരയെ പീഡിപ്പിക്കുകയായിരുന്നു.
വീട്ടുകാരെ ഫോണില്‍ വിളിക്കാന്‍ പോലും സാധിച്ചിട്ടില്ല. രണ്ടു വര്‍ഷത്തിനിടെ മൂന്നു വട്ടം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുള്ളത്. ബന്ധുക്കള്‍ വീട്ടിലെത്തിയാല്‍ അതിന്റെ പേരില്‍ മര്‍ദ്ദിക്കാറുണ്ടെന്നും പോലീസ് പറയുന്നു.