ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ നവോത്ഥാന നായകനായി സി.പി.എം. നെഞ്ചിലേറ്റിയ സ്വാമി സന്ദീപാനന്ദഗിരി എവിടെ എന്നതാണ് ഇപ്പോള്‍ പലരുടെയും സംശയം. പാകിസ്താനെ പ്രകീര്‍ത്തിച്ച് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പരാമര്‍ശമാണ് സ്വാമിയില്‍നിന്ന് അകലംപാലിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
പാകിസ്താനെ പ്രകീര്‍ത്തിച്ച സ്വാമിയെ തെരഞ്ഞെടുപ്പു കഴിയും വരെ ഗൗനിക്കേണ്ടെന്നാണ് അണികള്‍ക്കു നിര്‍ദേശം.രാജ്യത്തിന്റെ ശത്രുക്കളെ പുകഴ്ത്തുന്ന ആളെ കൂടെക്കൂട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണു കാരണം.
തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു തിങ്കളാഴ്ച അദ്ദേഹം നടത്തിയ പ്രസംഗമാണു പാര്‍ട്ടിയെ വെട്ടിലാക്കിയത്. പാക് ചിന്തകരെയും എഴുത്തുകാരെയും പ്രകീര്‍ത്തിച്ചു സ്വാമി നടത്തിയ പ്രസംഗം സംഘപരിവാര്‍ സംഘടനകള്‍ ആയുധമാക്കിയതോടെയാണ് സി.പി.എം. കൈവിട്ടത്.
പാകിസ്താനിലുള്ളവരും സാധാരണക്കാരാണെന്നും മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാകിസ്താനികളാണെന്നും അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ പറ്റിച്ചാലും അവര്‍ അങ്ങനെ ചെയ്യില്ല. അടുത്തിടെ ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷമുണ്ടായപ്പോള്‍ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ തീവ്രശ്രമമുണ്ടായി.
സാമൂഹികമാധ്യമങ്ങളിലൂടെ ഒരു കൂട്ടം യുവാക്കള്‍ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. പാകിസ്താന്‍ പട്ടാളം ബന്ദിയാക്കിയ പട്ടാളക്കാരനെ ഇന്ത്യക്ക് തിരിച്ചുനല്‍കാന്‍ മുന്നില്‍ നിന്നത് പാക് എഴുത്തുകാരും ചിന്തകന്മാരുമാണെന്നത് മറക്കരുത്. അയല്‍രാജ്യവുമായി സൗഹൃദം പങ്കിടാന്‍ ഇവിടുത്ത വര്‍ഗീയവാദികള്‍ അനുവദിക്കില്ലെന്നും സ്വാമി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്മയാ മിഷനില്‍ ജോലി ചെയ്യുമ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി പാകിസ്താന്‍ സന്ദര്‍ശിച്ച് അവിടെയുള്ള കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചു. ഇക്കാരണത്താല്‍ ചിന്മയാമിഷനുമായി കലഹമുണ്ടായി യാത്ര മുടങ്ങിയെന്നും സന്ദീപാനന്ദഗിരി വെളിപ്പെടുത്തി.
വിഭജനത്തിന് ശേഷം ഫെബ്രുവരി ആറിന് പാകിസ്താന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ജനതയെ ഒപ്പം കൂട്ടാന്‍ ഗാന്ധിജി പദ്ധതിയിട്ടിരുന്നു. വര്‍ഗീയവാദിയായിരുന്ന ഗോഡ്‌സേ അതിന് അനുവദിച്ചില്ല. അതേ അജന്‍ഡയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞതാണു വിവാദമായത്.