ഭീകരാക്രമണം നടത്താന്‍ പാകിസ്താന്‍ തീവ്രവാദികളെ തുറന്നുവിടുന്നു ; ഇമ്രാന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകന്‍

ന്യൂഡല്‍ഹി: ഭീകരാക്രമണം നടത്താന്‍ പാകിസ്താന്‍ തീവ്രവാദികളെ തുറന്നുവിടുന്നുവെന്ന് ഇമ്രാന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകന്‍ രംഗത്ത്. തീവ്രവാദ സംഘടനകള്‍ ഇല്ലെന്നും ഉണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കെയാണ് പാക് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ രംഗത്തെത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് തന്റെ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാകിസ്താന്‍ വിദേശമണ്ണില്‍ ആക്രമണം നടത്തുന്ന തീവ്രവാദി സംഘടനകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബിലാവല്‍ തുറന്നടിച്ചു.
മുന്‍ പാക് പ്രസിഡന്റായ പിതാവ് ആസിഫ് അലി സര്‍ദാരിക്കും മുന്‍ പ്രധാനമന്ത്രി ആയിരുന്ന മാതാവ് ബേനസീര്‍ ഭൂട്ടോയ്ക്കും എതിരേ നടപടിയെടുത്തു. പാകിസ്താനില്‍ കുട്ടികളെ കൊലപ്പെടുത്തുകയും വിദേശമണ്ണില്‍ ആക്രമണം നടത്തുകയും ചെയ്യുന്ന തീവ്രവാദികളെ വെറുതെ വിടുകയൂം ചെയ്യുന്നെന്ന് ബിലാവല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനും പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമാണ് ബിലാവല്‍. സിന്ധ് നിയോജക മണ്ഡലത്തിലാണ് ബിലാവല്‍ മാധ്യമങ്ങളോട് തുറന്നടിച്ചത്. വിദേശരാജ്യങ്ങളില്‍ ആക്രമണം നടത്തുന്ന തീവ്രവാദി സംഘടനകളെ പാക് മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടുത്തിടെയാണ് പറഞ്ഞത്. ഇസ്‌ളാമിക സംഘടനകളെ കര്‍ശനമായി നിരീക്ഷണത്തിന് കീഴിലാക്കും എന്ന് ഇമ്രാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിലാവലിന്റെ ആക്രമണം. ഇമ്രാന്‍ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ക്കെങ്കിലൂം തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ബിലാവല്‍ പറഞ്ഞു.