കൊല്ലം : മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ തിരോധാനം പോലെ തന്നെയാണ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും കാണാതായ ഷബ്നയും. ഷബ്നയെ കാണാതായി എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇപ്പോള്‍ പെണ്‍കുട്ടിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം.
പി എസ് സി പരിശീലനത്തിനായി പോയ ഷബ്ന പിന്നീട് തിരികെ വീട്ടിലെത്തിയില്ല. വീട്ടുകാരും പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പാരിതോഷിക തുക ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ ഇറക്കിയിട്ടുള്ള തിരച്ചില്‍ നോട്ടീസ് പ്രധാന സ്ഥലങ്ങളിലെല്ലാം പതിക്കും.
കഴിഞ്ഞ ജൂലൈ 14നാണ് ഷബ്നയെ കാണാതാകുന്നത്. കാണാതാവുന്നതിന് മൂന്ന് ദിവസം മുമ്പ് ബന്ധുവായ യുവാവുമായുള്ള അടുപ്പത്തെ കുറിച്ച് ഷബ്നയെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്നയുടെ ബാഗും സമീപത്തെ ഹോട്ടലിന്റെ സിസിസിടിവിയില്‍ നിന്ന് ഷബ്ന ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കാണാതാകുന്നതിനു തൊട്ടു മുന്‍പുവരെ ഷബ്ന ഫോണില്‍ സംസാരിച്ച യുവാവിനെ പലതവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ല.