ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ദ്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്നും ഓടിച്ചതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
‘അമേഠിയില്‍ നിന്ന് രാഹുലിനെ ഓടിച്ചതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രാഹുല്‍ ജനവിധി തേടണമെന്ന് ആവശ്യമുയര്‍ന്നു എന്ന് പറയുന്നതൊക്കെ നാടകമാണ്. ജനങ്ങള്‍ രാഹുലിനെ പിന്തള്ളിക്കഴിഞ്ഞു.” സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ സ്മൃതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല രംഗത്തെത്തി. ചാന്ദനി ചൗക്കിലും അമേഠിയിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്മൃതി ഇറാനി രാജ്യസഭാ എംപിയാണ് എന്നത് മറക്കരുതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
2014ല്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. അമേഠിയില്‍ വീണ്ടും ഇരുവരും നേര്‍ക്ക്നേര്‍ പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് രാഹുലിനെ ദക്ഷിണേന്ത്യയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.