കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ് കേസിലെ പ്രതിയും കുപ്രസിദ്ധ അധോലോക നേതാവുമായ രവി പൂജാരി വിളിച്ചിട്ടുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത് സത്യമെന്ന് തന്നെയാണ് വിവരം. ആറ് തവണ രവി പൂജാരി പിസിയെ വിളിച്ചിട്ടുണ്ടത്രെ. നേരത്തെ പൊലീസ് ശേഖരിച്ച രവീ പൂജാരിയുടെ നമ്പറുകളില്‍ പി സി ജോര്‍ജിന് കോള്‍ വന്ന നമ്പറും ഉണ്ട്. ജനുവരി 11, 12 തിയതികളില്‍ സെനഗലില്‍ നിന്നാണ് കോള്‍ വന്നത്. രവീ പൂജാരിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച ഇന്റലിജന്‍സ് ബ്യൂറോ ആണ് നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയത്.
നേരത്തെ പ്രതികളുടേതെന്ന് കരുതുന്ന ടെലിഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. മുംബൈയില്‍ നിന്ന് വിളിച്ച കോളുകളുടേതാണ് രേഖകള്‍. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന. കോള്‍ രേഖകള്‍ വെച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ ഞെട്ടിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി രവി പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.