വില്യം-ഹാരി രാജകുമാരന്മാര്‍ വേര്‍പിരിയലിന്റെ വക്കില്‍; വില്ലത്തിയായത് മേഗന്‍..?

ബ്രിട്ടിഷ് രാജകുടുംബത്തില്‍ വേര്‍പിരിയലിന്റെ അരങ്ങൊരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. വില്യം, ഹാരി രാജകുമാരന്‍മാര്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെയ്റ്റും മേഗന്‍ മാര്‍ക്കിളും ഭാര്യമാരായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മേഗന്‍ മാര്‍ക്കിളാണ് ഇവിടെ വില്ലത്തിയെന്നാണ് റിപ്പോര്‍ട്ട്.

അന്യോന്യം വലിയ അടുപ്പത്തിലായിരുന്നു വില്യം, ഹാരി രാജകുമാരന്‍മാര്‍. എന്നാല്‍ അവരുടെ ഭാര്യമാരായ കെയ്റ്റ് മിഡില്‍ടണിന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും വ്യത്യസ്ത അഭിരുചികളാണ് പ്രശ്നങ്ങളാക്കിയത്. ഇനി സന്നദ്ധ പ്രവര്‍ത്തനങ്ങളും കൊട്ടാരവുമായി ബന്ധപ്പെട്ട ചുമതലകളും തങ്ങളുടെ വ്യത്യസ്ത രീതികളില്‍ ചെയ്യാനാണ് ഇരുവരും താല്‍പര്യപ്പെടുന്നതെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. രണ്ടുപേര്‍ക്കുമായി കൊട്ടാരം ജീവനക്കാരെയും വീതം വയ്ക്കേണ്ടതുണ്ട്.

സാധാരണലോകത്തു നിന്നുള്ള രണ്ടു യുവതികളെ കൊട്ടാരത്തില്‍ എത്തിച്ചാല്‍ സ്വാഭാവികമായും രണ്ടു വഴികള്‍ തുറക്കപ്പെടും എന്നാണ് ബ്രിട്ടിഷ് രാജകുടുംബവുമായി അടുപ്പമുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാള്‍ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. രാജകൊട്ടാരത്തില്‍ കൂട്ടുകുടുംബവ്യവസ്ഥയിലാണ് ഇപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളായ വില്യവും ഹാരിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഹാരിയും ഗര്‍ഭിണിയായ മേഗനും ഇപ്പോള്‍ താമസിക്കുന്ന കെനിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ നിന്ന് ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹം. ഓഫിസും ജീവനക്കാരും കെനിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ത്തന്നെ തുടര്‍ന്നും പ്രവര്‍ത്തനം തുടരുമെന്നും പറയപ്പെടുന്നു. യഥാര്‍ഥ കാരണം എന്തായാലും വേര്‍പിരിഞ്ഞു പ്രവര്‍ത്തിക്കാനുള്ള രാജകുമാരന്‍മാരുടെ ഇപ്പോഴത്തെ തീരുമാനത്തിനു പ്രധാനകാരണം മേഗന്റെ സാന്നിധ്യമാണെന്നാണ് പറയുന്നത്.

സ്വന്തമായി തീരുമാനങ്ങളെടുക്കാനും അവര്‍ നിരന്തരമായി ഹാരിയെ പ്രേരിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. മേഗന്റെ അഭിപ്രായങ്ങളെ ആശ്രയിച്ചാണ് ഹാരി പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന പരിമിതിയുമുണ്ട്. ഇതാണ് ഇപ്പോഴത്തെ കൊട്ടാരം വിപ്ലവത്തിന്റെ അടിസ്ഥാന കാരണവും. ഹാരി രാജകുമാരന്റെ ആദ്യകുട്ടിയുടെ ജനനം ഏപ്രിലിലോ മേയ് മാസത്തിലോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു മുമ്പു തന്നെ രണ്ടുപേരും തങ്ങളുടേതായ വ്യത്യസ്ത സാമ്രാജ്യങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങള്‍