ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കേഴുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു എന്ന് കോണ്‍ഗ്രസ്. സംഭവം അറിഞ്ഞിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ നാലു മണിക്കൂറോളം നരേന്ദ്രമോഡി ഷൂട്ടിംഗ് തുടര്‍ന്നതായും ലോകത്തെവിടെയെങ്കിലും ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി കാണുമോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്തു നടപടിക്കും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതായി വ്യക്തമാക്കി കോണ്‍ഗ്രസ് മരിച്ച സൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മോഡി ദേശീയോദ്യാനത്തില്‍ വിനോദത്തിലായിരുന്നു. പ്രധാനമന്ത്രി ഈ സംഭവത്തിന് വലിയ പ്രധാന്യം നല്‍കിയില്ലെന്നും ബിജെപി ഭീകരാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു .
രാജ്യത്തിന്റെ ധാര്‍മ്മികതയെയാണ് പുല്‍വാമയിലൂടെ തീവ്രവാദികള്‍ ആക്രമിച്ചത്. ദുരന്ത സമയത്ത് കോണ്‍ഗ്രസ് സൈനികര്‍ക്ക് പിന്തുണയുമായി ഓടിയെത്തി. എന്ത് തിരിച്ചടിക്കും ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ പൂര്‍ണ്ണ പിന്തുണ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകമ്പോള്‍ മോഡിജി തന്റെ ചുമതലകള്‍ തന്നെ മറന്നുപോയി. രാജ്യം ദു:ഖിക്കുമ്പോഴും നരേന്ദ്രമോഡി മുന്‍ഗണന നല്‍കിയത് തന്റെ സര്‍ക്കാരിനാണ്. അധികാരം നില നിര്‍ത്താനുള്ള ആര്‍ത്തിയേക്കാള്‍ വലുതാണ് രക്തസാക്ഷികളെ ആദരിക്കലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
സൈനികരുടെ അവശിഷ്ടങ്ങള്‍ രാജ്യം പെറുക്കിയെടുക്കുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബറ്റില്‍ പ്രസംഗത്തിലായിരുന്നു. രാജ്യം അവരുടെ അടുപ്പുകള്‍ അടച്ചിട്ടപ്പോള്‍ രാംനഗറിലെ ഗസ്റ്റ് ഹൗസില്‍ ഇരുന്ന് പ്രധാനമന്ത്രി ചായ കുടിക്കുകയായിരുന്നു. സൈനികരുടെ രക്തസാക്ഷിത്വം ബിജെപി രാഷ്ട്രീയ വല്‍ക്കരിക്കുകയാണ്. കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷിത്വം ഒരിക്കലും പാഴാകില്ലെന്നും രാജ്യം ഭരിക്കുന്നത് ബിജെപിയാണ് കോണ്‍ഗ്രസ് അല്ലെന്നും ആസാമിലെ പരിപാടിയില്‍ അമിത് ഷാ പറഞ്ഞത് ഇതിനുദാഹരണമാണെന്നും പറഞ്ഞു.
മുന്‍കാലത്ത് പാകിസ്താനെതിരേ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എടുത്ത നടപടികള്‍ ചൂണ്ടിക്കാട്ടാനും മറന്നില്ല. മുന്‍കാലത്ത് കോണ്‍ഗ്രസ് പാകിസ്താന് ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. 1971 ല്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. ഇന്ദിരാഗാന്ധിയാണ് ബംഗ്‌ളാദേശിനെ മോചിപ്പിച്ചതെന്നും അന്ന് 91,000 പാക് സൈനികര്‍ അറസ്റ്റിലായ കാര്യവും അമിത്ഷാ മറന്നുപോയെന്നും പറഞ്ഞു. കോണ്‍ഗ്രസ് ഇത്തരം ചുവടുവെയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. നരേന്ദ്രമോഡി സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തതെന്നും രണ്‍ദീപ് സൂര്‍ജേവാല ചോദിച്ചു.