തിരുവനന്തപുരം: രവി പൂജാരി വന്നാല്‍ കാപ്പിമുട്ടികൊണ്ട് അടിച്ചോടിക്കുമെന്ന് പി.സി ജോര്‍ജ്. കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചതിന്റെ പേരിലാണ് തനിക്ക് സെനഗലില്‍ നിന്നും അധോലോക നേതാവ് രവി പൂജാരിയുടെ ഭീഷണി എത്തിയതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ‘ഫ്രാങ്കോ മെത്രാനെ അനുകൂലിക്കാന്‍ തനിക്കെന്ത് കാര്യം’ തന്നോട് ചോദിച്ചത്. നല്ല മലയാളത്തില്‍ തന്നെയായിരുന്നു ചോദ്യം. ഇതിനു പിന്നില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടാകും. വിളി വരുമ്പോള്‍ രവി പൂജാരി അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
രണ്ടു തവണ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നും വിളി വന്നു. ഒരിക്കല്‍ ശുദ്ധമായ മലയാളത്തിലായിരുന്നു. പിന്നീട് ഇംീഷും ഹിന്ദിയും കലര്‍ന്ന ഭാഷയിലും വിളിച്ചിട്ടുണ്ട്. രവി പൂജാരിക്കു പിന്നില്‍ കന്യാസ്ത്രീയോ അവരെ പിന്തുണയ്ക്കുന്നവരാണെന്നൊന്നും താന്‍ പറയുന്നില്ല. വെറുതെ കേസിനു പോകാന്‍ താനില്ല. എന്നാല്‍ കന്യാസ്ത്രീകളുടെ കേസുമായി ബന്ധപ്പെട്ട ഒരാളുടെ മൃതദേഹം മൂന്നു മാസം മുന്‍പ് കണ്ടെത്തി. ഇതിന്റെ വിശദാംശങ്ങള്‍ തനിക്ക് കിട്ടിയിട്ടുണ്ട്. അതറിഞ്ഞായിരിക്കും രവി പൂജാരി വിളിച്ചത്. തന്റെ പക്കലുള്ള വിവരങ്ങള്‍ വൈകാതെ പോലീസിന് കൈമാറും.
കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് മുഴുവന്‍ സത്യമാണ്. പി.സി ജോര്‍ജ് സത്യം മാത്രമേ പറയൂ. തന്നെ രവി പൂജാരി വിളിച്ചുവെന്ന കാര്യം പറഞ്ഞതിന് ചിലര്‍ തനിക്കെതിരെ ട്രോളുമായി വന്നു. അന്നൊന്നും താന്‍ തിരിച്ച് മറുപടി നല്‍കിയില്ല. സെനഗലില്‍ നിന്ന് വിളിവന്ന കാര്യം ഇന്റലിജന്‍സ് സ്ഥിരീകരിച്ചതോടെ ട്രോളിയവരൊക്കെ എവിടെ പോയി. അവരുടെ മനസ്സിന്റെ തെണ്ടിത്തരമാണ് ഇത്തരം ട്രോളുകള്‍.
തനിക്ക് വിളി വന്നയുടന്‍ അക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ഐ.ടി സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി തന്റെ മൊബൈല്‍ കൊണ്ടുപോയി പരിശോധന നടത്തി. സെനഗലില്‍ നിന്നാണ് വിളിവന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്റര്‍നെറ്റ് കോളുകളാണ് വന്നിരുന്നത്. ഇതില്‍ അന്വേഷണം നടക്കുന്നതിനാല്‍ പോലീസ് നിര്‍ദേശിച്ചപ്രകാരമാണ് സംഭവം പുറത്തുപറയാതിരുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.
അവന്‍ അധോലോക നേതാവാണെങ്കില്‍ തനിക്ക് പേടിയില്ല. ഈരാറ്റുപേട്ടയിലേക്ക് വരട്ടെ. നല്ല കാപ്പിമുട്ടിയുണ്ട്. അതുകൊണ്ട് തീര്‍ക്കും. അവന്‍ നൂറ് ഗുണ്ടകളെയും കൂട്ടിവരട്ടെ. തന്റെ ഒരു ഫോണ്‍വിളി മതി, ആയിരം പേര് അവിടെ കൂടുമെന്നും ജോര്‍ജ് പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വന്നത്. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ‘നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ, ഇഡിയറ്റ്’ എന്നൊക്കെ അറിയാവുന്ന ഇംീഷില് താനും മറുപടി കൊടുത്തുവെന്നാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
ജോര്‍ജിനെ രവി പൂജാരി ആറു തവണ വിളിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബൂറോയുടെ കണ്ടെത്തല്‍. ജനുവരി 11, 12 തീയതികളിലാണ് ഫോണ്‍വിളിയെത്തിയത്. ഇന്റലിജന്‍സ് ബ്യുറോ ശേഖരിച്ച രവി പൂജാരിയുടെ കോള്‍ രേഖകളില്‍ ജോര്‍ജിന്റെ നമ്പറുമുണ്ട്.
അതേസമയം, വിവാദമായ കേസുകളില്‍ ഇടപെട്ട് വാര്‍ത്താപ്രധാന്യം നേടാനുള്ള ശ്രമമാണ് രവി പൂജാരി നടത്തിയതെന്ന സംശയം പോലീസിനുണ്ട്. മുന്‍പ് ചന്ദ്രബോസ് വധക്കേസില്‍ ഇടപെട്ട് ഇയാള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിളിച്ചിരുന്നു.