ഭര്‍ത്താവ് കേസില്‍ പെട്ടതിന്റെ വിഷമത്തിലാവാം പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി. ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞുകാണും പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലയെന്ന്. പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്ന് കോടിയേരി പറഞ്ഞു.

ഭര്‍ത്താവ് കേസില്‍പെട്ടതിന്റെ വിഷമത്തിലായിരിക്കാം അവര്‍ അങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. സമുദായ സംഘടനകളോട് പാര്‍ട്ടിക്ക് പ്രശ്‌നമില്ല. എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണ്. വേണ്ടിവന്നാല്‍ അങ്ങോട്ടുപോയി ചര്‍ച്ച നടത്താമെന്നും കോടിയേരി പറഞ്ഞു.

ഇരട്ടക്കൊലപാതകം പാര്‍ട്ടിക്ക് വേണ്ടിയാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് പീതാംബരനെന്ന് ഭാര്യ മഞ്ജു രാവിലെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്കുവേണ്ടിയാണെന്നും ഭാര്യ പറയുന്നു. പാര്‍ട്ടിക്കായി നിന്നിട്ട് കാര്യം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി പുറത്താക്കിയെന്ന് മകള്‍ ദേവിക കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പേടിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് അവര്‍ അച്ഛനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നും മകള്‍ പറഞ്ഞിരുന്നു.