പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പുതിയ നീക്കങ്ങളാണ്. ഭീകരതയ്ക്ക് ഇന്ത്യ എങ്ങനെ തിരിച്ചടിക്കും എന്നാണ്.. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയ മറ്റൊരു പോസ്റ്റിന് പിന്നാലെയാണ്. ‘മോദിനമ’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വാര്‍ത്തയാണ് പെട്ടെന്ന് വൈറലായത്. യുദ്ധ ഭീതിയില്‍ പാകിസ്ഥാന്‍ സൈന്യം സ്വന്തം വിമാനം തന്നെ വെടിവച്ചിട്ടു എന്നാണ് വാര്‍ത്ത. ഒരു ചിത്രം സഹിതമാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
‘ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നതായി വാര്‍ത്ത ലഭിച്ചു. ഇതേതുടര്‍ന്ന് ആകാശത്ത് പറക്കുന്ന വിമാനം സൈന്യം വെടിവച്ചിടുകയായിരുന്നു. എന്നാല്‍ ഇത് പാകിസ്ഥാന്റെ തന്നെ വിമാനമായിരുന്നു..’ ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് ആയിരത്തിലേറെ പേരാണ് ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത പാക്കിസ്ഥാനെ പരിഹസിക്കാന്‍ ആരോ കെട്ടിച്ചമച്ചതാണെന്നുള്ളതാണ് സത്യം. 2018 ഒക്ടോബറില്‍ ബെല്‍ജിയത്തില്‍ തകര്‍ന്ന് വീണ ജെറ്റ് വിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വാര്‍ത്ത വ്യാജമാണെങ്കിലും ചിത്രത്തെ അധികരിച്ച് ട്രോളുകളും സജീവമായിക്കഴിഞ്ഞു.