ഇടുക്കി: തന്റെ നിലാപാടുകള്‍ കൊണ്ട് ശ്രദ്ധേയയായിരിക്കുകയാണ് ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഐഎഎസ്. എന്നാല്‍ നിലാപാടുകള്‍ മാത്രമല്ല കായികക്കരുത്തിലും തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് സബ്കളക്ടര്‍ തെളിയിച്ചിരിക്കുകയാണ്. മൂന്നാം മൂന്നാര്‍ മാരത്തണില്‍ റണ്‍ വിത്ത് ഫണ്‍ വിഭാഗത്തില്‍ ഒന്നാമതെത്തി തീയില്‍ കുരുത്തവള്‍ വെയിലത്ത് വാടില്ലെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രേണുരാജ്.
രണ്ടുദിവസം മുമ്പാണ് സ്ഥലം എം.എല്‍.എ എസ്.രാജേന്ദ്രന് രേണുവിനെ അധിക്ഷേപിച്ചത്. അതേ മണ്ണിലാണ് സബ്കളക്ടര്‍ ഓടി ഒന്നാമതെത്തിയത്. റണ്‍ വിത്ത ഫണ്‍ വിഭാഗത്തില്‍ ഏഴ് കിലോ മീറ്ററാണ് തളരാതെ ഓടി രേണു ഒന്നാമതെത്തിയത്. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരനായത് മൂന്നാര്‍ ഡി.എഫ്.ഒ നരേന്ദ്രബാബു ഐ.എഫ്.എസ് ആയിരുന്നു. മൂന്നാമനാകട്ടെ ഡോ. രേണു രാജിന്റെ പിതാവ് രാജകുമാരന് നായരും.
വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന മൂന്ന് മാരത്തണ്‍ മത്സരങ്ങളില്‍ ഒന്നിന്റെ ഉദ്ഘാടക കൂടിയായിരുന്നു സബ് കളക്ടര്‍. ഹൈ ആള്‍ട്ടിറ്റിയൂട് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് മൂന്നാര്‍, വട്ടപ്പാറ, സിഗ്നേച്ചര്‍ പോയിന്റ് സൈലന്റ് വാലി റോഡ് വഴി സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തിരിച്ചെത്തുന്ന 42 കിലോമീറ്റര്‍ വിഭാഗവും, മൂന്നാര്‍, ലക്ഷ്മി എസ്റ്റേറ്റ് വരെ പോയി തിരിച്ചെത്തുന്ന 21 കിലോമീറ്റര്‍ വിഭാഗവും, സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ച ഹൈ ആള്‍റ്റിറ്റിയൂട് സ്റ്റേഡിയത്തില്‍ നന്ന് ആരംഭിച്ച് ടൗണ്‍, ഹെഡ് വര്‍ക്ക് ഡാം, പഴയ മൂന്നാര്‍ വഴി തിരിച്ചെത്തുന്ന ഏഴ് കിലോമീറ്റര്‍ റണ്‍ വിത്ത് ഫണ്‍ മത്സരവുമാണ് ഉണ്ടായിരുന്നത്.