51 പേരുടെ പ്രവേശനം : സര്‍ക്കാര്‍ശ്രമം വിവാദങ്ങള്‍ സൃഷ്ടിക്കാനെന്ന് ആരോപണം

    തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ആശയക്കുഴപ്പത്തിലേക്ക്. ലിസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയെന്ന പ്രാഥമിക വിലയിരുത്തല്‍ വാര്‍ത്തയായതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോര്‍ഡിന് എത്ര സ്ത്രീകള്‍ കയറിയെന്നറിയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും പ്രതികരിച്ചു.

    ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായി പോലീസ് നല്‍കിയതാണ് ഈ പട്ടികയെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ ക്യൂവില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് പട്ടിക നല്‍കിയതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കുന്നു.