സിപിഎം ഓഫീസ് റെയ്ഡിന് പിന്നാലെ ഡിസിപി ചൈത്രയെ തെറിപ്പിച്ചു; തുടക്കാകാരിയുടെ ആവേശം വേണ്ട, പാര്‍ട്ടിക്ക് വഴങ്ങിയാല്‍ കേടില്ലാതെ തുടരാം!

തിരുവനന്തപുരം: പ്രതികളെ തിരഞ്ഞ് സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത വനിത ഡിസിപി ചൈത്ര തെരേസ ജോണിനെ കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് തെറിപ്പിച്ചു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതലയിലുണ്ടായിരുന്ന ചൈത്രയെ വനിത സെല്‍ എസ്പിയായി തിരികെ മടക്കി. അവധിയിലായിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപി ചൈത്രയോട് വിശദീകരണവും തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍.

ബുധനാഴ്ച രാത്രി മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ് അമ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ചില മുതിര്‍ന്ന നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അക്രമി സംഘത്തിലെ പ്രധാന പ്രതികള്‍ മേട്ടുക്കടവിലെ സിപിഎം ജില്ല കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു വ്യാഴാഴ്ച രാത്രി പാര്‍ട്ടി ഓഫീസ് ഡിസിപി ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡ് ചെയ്തത്.

പോലീസ് എത്തിയപ്പോള്‍ ആദ്യം നേതാക്കളും അണികളും തടഞ്ഞെങ്കിലും റെയ്ഡ് നടത്താതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഡിസിപി ചൈത്ര. ഇതോടെ നേതാക്കള്‍ വഴങ്ങി. എന്നാല്‍ പ്രതികളെ റെയ്ഡില്‍ സിപിഎം ഓഫീസില്‍ നിന്നും പിടികൂടാനായില്ല. പിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചിരുന്നു.

പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. റെയ്ഡ് വിവരം പോലീസിനുള്ളിലെ ചിലര്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നും വിവരമുണ്ട്. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.