ബി നിലവറ തുറന്നാല്‍ യക്ഷിയും പിടിക്കില്ല, മൂര്‍ഖനും കൊത്തില്ല; മുന്‍പ് തുറന്നിട്ടുണ്ട്; രാജകുടുംബത്തെ തള്ളി വിദഗ്ധസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം : പത്മനാഥസ്വാമിക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടേയില്ലെന്ന രാജകുടുംബത്തിന്റെ വാദം തെറ്റാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പമാണ് മുന്‍പ് നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോര്‍ട്ടുകളും സമിതി ഹാജരാക്കിയിട്ടുള്ളത്.

എ നിലവറയായ ശ്രീപണ്ടാരത്ത് കല്ലറയും ബി നിലവറയായ മഹാഭാരതകോണ്‍ കല്ലറയും തുറന്നിട്ട് ഒരു നൂറ്റാണ്ടായെന്ന രാജകുടുംബത്തിന്റെ വാദം തെറ്റാണെന്നാണ് വിദഗ്ധസമിതി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്.

1931 ഡിസംബര്‍ 11ന് ഇറങ്ങിയ നസ്രാണി ദീപികയിലാണ് ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത വന്നത്. രാവിലെ 10ന് മഹാരാജാവ്, പ്രധാനമന്ത്രി (ദിവാന്‍), ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരും ശാസ്ത്രീയ വിദഗ്ധരും മൂല്യം നിര്‍ണയിക്കാന്‍ ഉണ്ടായിരുന്നു.

ആദ്യത്തെ ഇരുമ്പു വാതില്‍ നാലു മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് തുറക്കാനായത്. ഇത് കഴിഞ്ഞുള്ള തടിവാതില്‍ തുറക്കുന്നതിന് ഒന്നര മണിക്കൂറോളവും വേണ്ടിവന്നു. വൈകിട്ട് അഞ്ചോടെയാണ് 12 പേരടങ്ങുന്ന സംഘം ആ ദിവസത്തെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. സ്വര്‍ണം,- ചെമ്പ് നാണയങ്ങളും പണവും നാലു പിത്തള കുടങ്ങളിലായാണ് നിലവറയിലുണ്ടായിരുന്നത്. കൂടാതെ നാണയങ്ങള്‍ തറയിലും കിടന്നിരുന്നു. മൂല്യനിര്‍ണയം നടത്തിയതിനു ശേഷം ഇതെല്ലാം അവിടെ തന്നെ തിരിച്ചുവച്ചു.

വെദ്യുതി വെളിച്ചവുമായി ജീവനക്കാര്‍ ആദ്യം കയറി വായുസഞ്ചാരം ഉറപ്പാക്കിയതിനുശേഷമാണ് ബാക്കിയുള്ളവര്‍ അകത്തുകയറിയത്. മറ്റ് നിലവറകളായ പണ്ടാരകല്ലറ, സരസ്വതി കോണത്, വേദവ്യാസ കോണം എന്നിവടങ്ങളിലും സമാനമായി മൂല്യനിര്‍ണയം നടത്തി.

1931 ഡിസംബര്‍ ഏഴിലെ ദ് ഹിന്ദു, അതേവര്‍ഷത്തെ പ്രതിദിനം പത്രങ്ങളിലും മൂല്യനിര്‍ണത്തിന്റെ വിശദ വാര്‍ത്തയുണ്ടായിരുന്നു. 1908ല്‍ എ, ബി നിലവറകള്‍ തുറന്നാല്‍ മൂര്‍ഖന്‍ പാമ്പ് കൊത്തുമെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ മൂല്യനിര്‍ണയമെന്ന് വിദഗ്ധസമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ ബി നിലവറയില്‍ യക്ഷിയുണ്ടെന്നും കഥകള്‍ പ്രചരിച്ചിരുന്നു.

ഇതിന് പുറമേ വിദേശ എഴുത്തുകാരനായ എമിലി ഗില്‍ക്രിസ്റ്റ് ഹാച്ച് 1933ല്‍ പുറത്തിറക്കിയ ട്രാവന്‍കൂര്‍- എ ഗൈഡ് ബുക്ക് ഫോര്‍ ദ് വിസിറ്റര്‍ എന്ന പുസ്തകത്തില്‍ മൂല്യനിര്‍ണയതിനെ കുറിച്ച് പറയുന്നുണ്ട്.