കൊട്ടിയൂര്‍ പീഡനം: മൂന്നുപ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ പോലീസ് ഗൂഡാലോചന കുറ്റം ചുമത്തിയ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററുമാണ് കോടതി മുന്‍പാകെ മുന്‍ കൂര്‍ ജാമ്യ ഹരജി നല്‍കിയത്.

കേസിലെ മൂന്നാം പ്രതിയും ഗൈനക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. ടെസി ജോസ്, നാലാം പ്രതിയും ശിശുരോഗ വിദഗ്ദനുമായ ഡോ.ഹൈദര്‍ അലി, അഞ്ചാം പ്രതിയും ആശുപത്രി അഡ്മിനിസ്‌ട്രേറ്ററുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഹര്‍ജിക്കാര്‍. കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. വൈദികന്‍ റോബിന്‍ വടക്കഞ്ചേരി റിമാന്‍ഡിലാണ്. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണ സംഘം ഊര്‍ജിത തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൂന്നും നാലും അഞ്ചും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. റോബിന്‍ വടക്കഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.